വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് മാല പൊട്ടിച്ചു; ഞെട്ടൽ മാറാതെ എൺപതുവയസ്സുകാരി കല്യാണി

Share our post

തളിപ്പറമ്പ് : കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ മുഖംമൂടി ധരിച്ചയാൾ കവർച്ച നടത്തിയതിന്റെ ഞെട്ടലിൽ നിന്ന് വിമുക്തയാകാതെ കുറുമാത്തൂർ പൂമംഗലത്തെ കോളിയാടൻ കല്യാണി (80). 14ന് രാത്രിയാണ് തനിച്ചു‌താമസിക്കുന്ന കല്യാണിയുടെ വീട്ടിൽ കവർച്ച നടന്നത്. കല്യാണി താമസിക്കുന്ന വീടിന് തൊട്ടടുത്ത് തന്നെ ബന്ധുക്കൾ താമസിക്കുന്നുണ്ടെങ്കിലും അവർ വീട്ടിലുണ്ടായിരുന്നില്ല. ഏഴരയോടെ മുഖം മുഴുവൻ മറച്ചനിലയിലുള്ള യുവാവ് എത്തി കോളിങ് ബെൽ അടിക്കുകയായിരുന്നുവെന്ന് കല്യാണി പറയുന്നു.

പുറത്ത് വന്നപ്പോൾ മരപ്പണി ചെയ്യുന്ന ഒരാളുടെ വീട് ചോദിച്ചു. എന്നാൽ അങ്ങനെയൊരാൾ ഇവിടെയില്ലെന്ന് പറ‍ഞ്ഞപ്പോൾ അവിടെ വാടകയ്ക്ക് താമസിക്കുന്ന തൊഴിലാളികളുടെ വാടക കൊടുക്കാൻ വന്നതാണെന്നും കോഴിക്കോടാണ് സ്വദേശമെന്നും യുവാവ് പറഞ്ഞുവത്രെ. തുടർന്ന് വെള്ളം ചോദിച്ചു. മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിന് കല്യാണി വെള്ളംകൊടുത്തതോടെ അയാൾ നിലത്തേക്കു കിടന്നു. പരിഭ്രമിച്ച കല്യാണി കാര്യം തിരക്കിയപ്പോൾ മസിൽ കയറിയതാണന്നും എന്തെങ്കിലും മരുന്നുണ്ടോയെന്നും ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതോടെ കുറച്ചുനേരം സംസാരിച്ച് പുറത്തേക്കുപോയ യുവാവ് പെട്ടെന്ന് തിരിച്ചെത്തി വരാന്തയിൽ നിൽക്കുകയായിരുന്ന കല്യാണിയുടെ ഒരു പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

ഭയന്നുപോയ കല്യാണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തി അർധരാത്രി വരെ പരിസര പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. കല്യാണി തനിച്ചാണെന്നും അയൽവീട്ടിലുള്ളവർ സ്ഥലത്തില്ലെന്നും മനസ്സിലാക്കിയാണ് യുവാവ് എത്തിയതെന്ന് കരുതുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിറവക്കിന് സമീപം സ്കൂട്ടറിൽ എത്തിയവർ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തിരുന്നു. എന്നാൽ ഇത് മുക്കുപണ്ടമായതിനാൽ അവർ പരാതി നൽകിയിരുന്നില്ല. കല്യാണിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമപ്രദേശമായ പൂമംഗലത്ത് ഇത്തരം സംഭവങ്ങൾ മുൻപ് നടന്നിട്ടില്ലാത്തതിനാൽ നാട്ടുകാരും ആശങ്കയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!