രാത്രി മാഹിയിൽ യാത്ര അവസാനിപ്പിച്ച് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്; വാഹനം കിട്ടാതെ വലഞ്ഞ് യാത്രക്കാർ
മാഹി : ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ശനിയാഴ്ച രാത്രി മാഹിയിൽ യാത്ര അവസാനിപ്പിച്ചത് യാത്രക്കാർക്ക് ദുരിതമായി മാറി. ലൈൻ അറ്റകുറ്റപ്പണിയുടെ ഭാഗമായി മാഹിയിൽ ഓട്ടം അവസാനിപ്പിക്കും എന്ന റെയിൽവേ മുന്നറിയിപ്പ് അറിയാതെ നേരത്തെ ടിക്കറ്റ് എടുത്തവരാണ് പെരുവഴിയിലായത്. മാഹിയിൽ ഇറങ്ങിയ യാത്രക്കാർ മറ്റു വാഹനങ്ങൾ കിട്ടാതെ വലഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഇരുട്ടിൽ നടന്ന് ദേശീയപാതയിൽ എത്തിച്ചേരാനും ഏറെ പ്രയാസപ്പെട്ടു. ട്രെയിൻ മാഹിയിൽ എത്തിയ ശേഷം യാത്രക്കാരെ ഇറക്കി തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ യാത്ര അവസാനിപ്പിച്ചത്. യാത്രക്കാരെ തലശ്ശേരിയിൽ ഇറക്കാൻ സൗകര്യം നൽകിയിരുന്നെങ്കിൽ യാത്രക്കാർക്ക് അൽപം സൗകര്യമായിരുന്നു എന്നാണ് യാത്രക്കാർ പറഞ്ഞത്. രാത്രി വളരെ വൈകിയതിനാൽ വാഹനം കിട്ടാതെ ഏറെ സമയം റോഡിൽ പെൺകുട്ടികൾ ഉൾപ്പെടെ യാത്രക്കാർ കാത്തിരുന്നു. മാഹി പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ നിയന്ത്രിച്ചു. മണിക്കൂറുകൾ കഴിഞ്ഞാണ് പലർക്കും വാഹനം ലഭിച്ചത്.
