മുഖം മിനുക്കി; അടിമുടി മാറി തലശ്ശേരി റെയിൽവേ സ്റ്റേഷൻ
തലശ്ശേരി : മുഖം മിനുക്കി മോടികൂട്ടി അടിമുടി മാറിയിരിക്കുകയാണ് ജില്ലയിലെ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ തലശ്ശേരി റെയിൽേവ സ്റ്റേഷൻ. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ് സ്റ്റേഷൻ. രണ്ട് പ്ലാറ്റ് ഫോമുകളിലെ പുതിയ കവാടങ്ങളും ഒരു എസ്കലേറ്റർ, മൂന്ന് ലിഫ്റ്റ്, ഹസാഡ് വാൾ, സൗകര്യമുള്ള മികച്ച ടിക്കറ്റ് കൗണ്ടറുകൾ, വിശാലമായ പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുള്ള സ്റ്റേഷന്റെ ഉദ്ഘാടനം അടുത്ത ആഴ്ചയോടു കൂടി നടക്കും. പുതിയതായി നിർമിച്ച ലിഫ്റ്റുകൾ കഴിഞ്ഞ ആഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒന്നാം പ്ലാറ്റ്ഫോമിന്റെ മുന്നിലായി പൂന്തോട്ടവും ചെടിച്ചട്ടികളും സ്ഥാപിച്ചും സ്റ്റേഷന്റെ മോടികൂട്ടിയിട്ടുണ്ട്. കൂടാതെ നേരത്തെ തന്നെ സ്റ്റേഷനിൽവന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഓട്ടോറിക്ഷകളിലും ടാക്സികളിൽ കയറാനുള്ള സംവിധാനവും ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരുന്നു. ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും വൺവേ സംവിധാനവും ഇവിടെയുണ്ട്. ദിവസവും നൂറ് കണക്കിന് ആളുകൾ യാത്രചെയ്യുന്ന റെയിൽേവ സ്റ്റേഷനാണ് തലശ്ശേരിയിലേത്.
വിവിധ സേവനങ്ങളും ഒരുങ്ങുന്നു
തലശ്ശേരി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെ മസാജ് സെന്റർ, ബാർബർ ഷോപ്പ്, സൂപ്പർമാർക്കറ്റ്, ഐസ്‌ക്രീം പാർലർ, മെഡിക്കൽ റൂം, ജന ഔഷധി ഔട്ട്‌ലെറ്റ് എന്നിവ വരുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാകുന്ന വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ നേരത്തെ തീരുമാനിച്ചിരിന്നു. അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ റെയിൽവേ ബോർഡ് ആവിഷ്‌കരിച്ച സ്റ്റേഷൻ കേന്ദ്രീകരിച്ചു യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന വ്യാപാരം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കും. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ റൂം ഒരുക്കുക. മസാജ് സെന്ററും ഐസ്‌ക്രീം പാർലറും ജൻ ഔഷധി ഔട്ട്‌ലെറ്റും തുടങ്ങാനും ആളുകളായിട്ടുണ്ട്. സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും റെയിൽവേ നൽകും. മറ്റു സൗകര്യങ്ങൾ കരാർ എടുക്കുന്നവർ ഒരുക്കേണ്ടതാണ്. സ്റ്റേഷനിലെത്തുന്നവർക്കും പുറത്തുള്ളവർക്കും ഉപകാരപ്പെടുന്ന രീതിയിലാവും ഇവിടുത്തെ സേവനങ്ങൾ. ടി.സി. റോഡിന് അഭിമുഖമായാണ് മുറികൾ ഒരുക്കുക. ഇരുചക്ര വാഹനങ്ങൾ വാടകയ്ക്കു നൽകാനുള്ള സൗകര്യവും നൽകും. ടി.സി. റോഡിന് അഭിമുഖമായാണ് മുറികൾ ഒരുക്കുക. നിലവിൽ 61 സേവനങ്ങളാണ് സ്റ്റേഷനുകളിൽ ലഭ്യമാക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേയുടെ പാലക്കാട് ഡിവിഷനിലെ ആദ്യ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് തലശ്ശേരി.
2024 ഡിസംബറിലാണ് അമൃത് ഭാരത് പദ്ധതിയിൽ തലശ്ശേരിയെ ഉൾപ്പെടുത്തിത്. തീവണ്ടി യാത്രക്കാരുടെ സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ നിരവധി സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങളും യാത്രാനുഭവവും മെച്ചപ്പെടുത്തുന്ന വിപുലമായ വികസന പ്രവർത്തനങ്ങളാണ് നടന്നത്.
