തലശേരി റെയിൽവേ സ്റ്റേഷനിൽ മസാജ് സെന്ററും ബാർബർഷോപ്പും സൂപ്പർമാർക്കറ്റും
തലശ്ശേരി ∙ റെയിൽവേ സ്റ്റേഷനിൽ മസാജ് സെന്ററും ഐസ്ക്രീം പാർലറും മെഡിക്കൽ റൂമും വരുന്നു. ഇതുമാത്രമല്ല ബാർബർഷോപ് മുതൽ പലവ്യഞ്ജന സാധനങ്ങൾ വിൽക്കുന്ന കടകൾ വരെ സ്റ്റേഷനിൽ തുടങ്ങാൻ റെയിൽവേ തയാർ. അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ റെയിൽവേ ബോർഡ് ആവിഷ്കരിച്ച സ്റ്റേഷൻ കേന്ദ്രീകരിച്ചു യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന വ്യാപാരം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കും.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ റൂം ഒരുക്കുക. മസാജ് സെന്ററും ഐസ്ക്രീം പാർലറും ജൻ ഔഷധി ഔട്‌ലെറ്റും തുടങ്ങാൻ ആളുകളായി. ഒന്നാം പ്ലാറ്റ്ഫോമിനു മുകളിലെ സ്ഥലം ഉപയോഗിച്ചു റിട്ടയറിങ് റൂം ഒരുക്കാനും ആളുകളെ തേടുകയാണ് റെയിൽവേ. സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും റെയിൽവേ നൽകും. മറ്റു സൗകര്യങ്ങൾ കരാർ എടുക്കുന്നവർ ഒരുക്കണം.
ടിസി റോഡിന് അഭിമുഖമായാണ് മുറികൾ ഒരുക്കുക. സ്റ്റേഷനിലെത്തുന്നവർക്കും പുറത്തുള്ളവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് സേവനങ്ങൾ ഒരുക്കുക. ഇരുചക്ര വാഹനങ്ങൾ വാടകയ്ക്കു നൽകാനുള്ള സൗകര്യവും നൽകും. ഇതുൾപ്പെടെ 61 സേവനങ്ങളാണ് സ്റ്റേഷനുകളിൽ ലഭ്യമാക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരിക്കു പുറമേ പാലക്കാട് ഡിവിഷനിൽ പാലക്കാട്, ഒറ്റപ്പാലം ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാക്കും.
