20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ പിഴ
തലശ്ശേരി : 20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം സംബന്ധിച്ച കേസിൽ, ടാങ്കർലോറി ഉടമ തമിഴ്നാട് നാമക്കൽ സേലം റോഡിലെ ഡി.കൺമണിക്ക് (59) കേന്ദ്ര മോട്ടർവാഹന നിയമലംഘനത്തിന് 1000 രൂപ പിഴ വിധിച്ച് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.രാജേഷ്. നാഷനൽ പെർമിറ്റ് ലോറികളിൽ 2 ഡ്രൈവർമാർ വേണം, ലോറിയുടെ കാബിനകത്ത് ഒരു ഡ്രൈവർക്ക് ഉറങ്ങാനുള്ള സൗകര്യമുണ്ടാകണം എന്നീ ചട്ടങ്ങൾ ലംഘിച്ചതിനാണ് 500 രൂപ വീതം പിഴയിട്ടത്.
കേസിലെ ഒന്നാം പ്രതി, ലോറിഡ്രൈവർ കണ്ണയ്യൻ വിചാരണയ്ക്കിടെ മരിച്ചു. 2012 ഓഗസ്റ്റ് 27ന് രാത്രി 11ന് ആയിരുന്നു അപകടം. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ടാങ്കർലോറി ചാല അമ്പലം സ്റ്റോപ്പിലെ ഡിവൈഡറിൽ കയറി മറിഞ്ഞ‌് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിൽ അൻപതോളം പേർക്കു പരുക്കേറ്റു. ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.രേഷ്മ ഹാജരായി.
