ഇടിഞ്ഞ് താഴേക്ക് ! നമീബിയയ്ക്കും പിന്നില്‍; ആദ്യ നൂറിലുമില്ല ഇന്ത്യന്‍ പാസ്പോര്‍ട്ട്
ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനം കുത്തനെ ഇടിഞ്ഞു. നമീബിയയ്ക്കും ഫിലിപ്പൈന്‍സിനും മൊറോക്കോയ്ക്കുമെല്ലാം പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 124 ആയിരുന്നത് ഇക്കുറി ഒരു പടി കൂടി ഇടിഞ്ഞ് 125 ല്‍എത്തി. ഇതോടെ 26 രാജ്യങ്ങളിലേക്ക് മാത്രമായി ഇന്ത്യക്കാര്‍ക്കുള്ള വീസ ഫ്രീ എന്‍ട്രി ചുരുങ്ങി.
ഭൂട്ടാന്, നേപ്പാള്‍, ജമൈക്ക, മാക്കാവു, പലസ്തീന്, തുനീസിയ, അംഗോള, ബാര്‍ബഡോസ് എന്നിവിടങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വീസ ഫ്രീയോ, വീസ ഓണ്‍ അറൈവല്‍ ആണ്. യുഎസ്, യുകെ, ജര്‍മനി, ഫ്രാന്‍സ്, ചൈന, യുഎഇ തുടങ്ങി 88 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ വീസ ആവശ്യമാണ്. അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്തുള്ളത് (104). അതേസമയം ബംഗ്ലദേശ് (166), നേപ്പാള്‍ (164) എന്നീ സ്ഥാനങ്ങളിലും പാക്കിസ്ഥാന് 188–ാമതുമാണ്.
യൂറോപ്യന്‍ രാജ്യങ്ങളാണ് പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ആദ്യ പത്തില്‍ യുഎസും ഫ്രാന്‍സും കാനഡയുമില്ല. ഒന്നാമത് സ്വീഡനും രണ്ടാം സ്ഥാനത്ത് സ്വിറ്റ്സര്‍ലന്‍ഡുമാണ്. ഫിന്‍ലന്‍ഡ്, ജര്‍മനി, ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, യുകെ, നോര്‍വെ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലെ മറ്റ് സ്ഥാനങ്ങളിലുള്ളത്.
