ക്യാമ്പിൽ ഇരുന്ന് ‘പൂസായി’: മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ; പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഒരാൾ ഓടി
കൊച്ചി: പോലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. കെ.എ.പി. ഒന്നാം ബറ്റാലിയനിലെ പോലീസുകാരായ കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹിൽപ്പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിൽ ഇരുന്ന് മദ്യപിച്ചതിനാണ് നടപടി. മെഡിക്കൽ പരിശോധന നടത്താൻ കൊണ്ടുപോകുന്നതിനിടെ അഭിലാഷ് കടന്നുകളഞ്ഞു.
വെള്ളിയാഴ്ച രാവിലെ 7.30-ഓടെ പോലീസ് ഓഫീസർമാർ ബാരക്കുകളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഇവർ മദ്യപിക്കുന്നത് കണ്ടെത്തിയത്. ഇവരിൽനിന്ന് മദ്യപിച്ചു തീരാറായ മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഇവരെ മെഡിക്കൽ പരിശോധന നടത്താൻ കൊണ്ടുപോകുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പോലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. നവാസിനെയും വിഷ്ണുവിനെയും ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുകയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടുള്ളതായി കണ്ടെത്തി. സസ്പെൻഷനിലായ പോലീസുകാർക്കെതിരേ വിശദമായ അന്വേഷണം നടത്താൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തി. ഓടിപ്പോയ പോലീസുകാരനെ കണ്ടെത്താനായിട്ടില്ല.
