വിദ്യാർഥിയുടെ സ്കൂൾബാഗിൽ അരലിറ്റർ ‘നാടൻ’ ചാരായം, ബാഗിൽ വെച്ചത് സഹപാഠി; വിൽപനക്കാരൻ പിടിയിൽ
താമരശ്ശേരി: മലയോരത്തെ ഒരു പൊതുവിദ്യാലയത്തിലെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ അധ്യാപകർ സംശയംതോന്നി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അരലിറ്റർ ചാരായം. എസ്.എസ്.എൽ.സി. വിദ്യാർഥിയായ പതിനഞ്ചുകാരനെ ചോദ്യംചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് ’നാടൻ’ തന്റെ ബാഗിൽ വെച്ചതെന്നു വെളിപ്പെടുത്തൽ.
തുടർന്ന് ആ വിദ്യാർഥിയെ ചോദ്യംചെയ്തതോടെ വ്യാജമദ്യവിപണനം നടത്തുന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഇയാളുടെ വീടിനും സമീപത്തും താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 28 ലിറ്റർ വരുന്ന അരലിറ്ററിന്റെ 56 ബോട്ടിൽ ചാരായം.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കട്ടിപ്പാറ ചമൽ കേളൻമൂലയിലെ ഒരു റബ്ബർത്തോട്ടത്തിൽ നിന്നാണ് രണ്ടു ചാക്കുകളിലായി സൂക്ഷിച്ച ചാരായം താമരശ്ശേരി പോലീസ് പിടിച്ചെടുത്തത്. അനധികൃതമായി വ്യാജമദ്യം കൈവശംവെച്ചതിനും കൈകാര്യംചെയ്തതിനും മദ്യം സ്‌കൂളിലേക്കു കൊണ്ടുവന്ന കുട്ടിയെയും അത് ബാഗിൽ സൂക്ഷിച്ച കുട്ടിയെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.
സംഭവത്തിൽ ചമൽ കേളൻമൂല സ്വദേശി പൂവൻമല രമേശന്(40) എതിരേ അബ്കാരി ആക്ട് പ്രകാരം താമരശ്ശേരി പോലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ വീടിനടുത്തുള്ള റബ്ബർത്തോട്ടത്തിൽ വെച്ചാണ് ചാരായംകണ്ടെത്തിയത്. മറ്റ് സ്ഥലത്തുനിന്ന് വ്യാജമദ്യം ഉത്പാദിപ്പിച്ചശേഷം ഇവിടെ ശേഖരിക്കുകയായിരുന്നു. ഇയാൾ ഒളിവിലാണെന്നു പോലീസ് അറിയിച്ചു.
ബുധനാഴ്ച സ്കൂളിൽ സ്‌കൂൾ സംരക്ഷണസമിതിയുടെ യോഗം അവസാനിക്കാനിരിക്കെയാണ് ഒരു എസ്.എസ്.എൽ.സി. വിദ്യാർഥി സ്കൂളിലേക്ക് വ്യാജമദ്യം കൊണ്ടുവരുന്നതായി ഒരു അധ്യാപിക സംശയം പ്രകടിപ്പിക്കുന്നത്. ഒരു കൂട്ടി മൂന്നു തവണയായി സ്കൂളിലേക്ക് വ്യാജമദ്യം കൊണ്ടുവന്നെന്നും ആറോളം വിദ്യാർഥികൾ അത് ഉപയോഗിച്ചെന്നും രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് സംശയനിഴലിലുള്ള കുട്ടികളിലൊരാൾ പുറത്തുപോയ സമയത്ത് അധ്യാപകർ ബാഗ് പരിശോധിച്ചപ്പോഴായിരുന്നു ചാരായം കണ്ടെത്തിയത്.
പ്രിൻസിപ്പൽ എസ്.ഐ. ഗൗതം ഹരി, എസ്.ഐമാരായ വി.കെ. റസാഖ്, പി.പി. മുഹമ്മദ് ആഷിഖ്, ബിൻസ് ജോസഫ്, എ.എസ്.ഐ.മാരായ ശ്രീജിത്ത്, ഷൈനി, എസ്.സി.പി.ഒ. ശ്രീലേഷ്, സി.പി.ഒ. സാബു, ഡബ്ല്യു.സി.പി.ഒ. അമ്പിളി രത്‌ന, ജംഷീന എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തി ചാരായം കണ്ടെത്തിയത്.
