കേന്ദ്രമന്ത്രി പേരിട്ടു, ‘മായ’ ഇനി അഭയാരണ്യത്തിലെ ഡെലൂലു
പെരുമ്പാവൂർ: ‘സർവം മായ’ എന്ന മലയാള സിനിമയിലെ നായികയ്ക്ക് സംവിധായകൻ നൽകിയ പേര് ‘ഡെലൂലു’ എന്നാണെങ്കിൽ കോടനാട് അഭയാരണ്യത്തിലെ പിടിയാനക്കുട്ടിക്ക് കേന്ദ്രമന്ത്രി ഇട്ട പേര് ‘മായ’. ഒരുദിവസം മാത്രം പ്രായമുള്ളപ്പോൾ വനംവകുപ്പിന് ലഭിച്ചതാണിവളെ. അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെവന്ന ആനക്കുട്ടിക്ക് ‘മായ’ എന്ന പേര് അന്വർഥമാണെന്ന് കേന്ദ്ര പരിസ്ഥിതി -വനം സഹമന്ത്രി കീർത്തിവർധൻ സിങ് പറഞ്ഞു. മായ എന്ന് അർഥമുള്ള ഡെലൂഷൻസ് എന്ന ഇംഗ്ലീഷ് പദത്തിന്റെ ജെൻ-സി പതിപ്പാണ് ഡെലൂലു’ . വനംവകുപ്പിന് കീഴിലുള്ള കോടനാട് കപ്രിക്കാട് അഭയാരണ്യം സന്ദർശിച്ച വേളയിലാണ് കേന്ദ്രമന്ത്രി പിടിയാനക്കുട്ടിക്ക് ‘മായ’ എന്ന് പേരിട്ടത്.
2025 ഏപ്രിൽ 18-ന് അഭയാരണ്യത്തിന് സമീപം കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് പിടിയാനക്കുട്ടിയെ കണ്ടെത്തിയത്. അഭയാരണ്യത്തിലെ വെറ്ററിനറി ക്ലിനിക്കിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലാണ് ആനക്കുട്ടിയെ പാർപ്പിച്ചിരിക്കുന്നത്. ഏത്തപ്പഴം ജ്യൂസാണ് മുഖ്യഭക്ഷണം. അമ്മയുടെ മുലപ്പാൽ കുടിക്കാൻ അവസരം ലഭിക്കാത്ത കുട്ടിക്ക് പാൽപ്പൊടിയാണ് ആദ്യം നൽകിയിരുന്നത്. നവധാന്യപ്പൊടി, ഹെൽത്ത് സപ്ലിമെന്റ്‌സ് എന്നിവ നൽകി വളർത്തി. ദിവസം ഒരു മണിക്കൂർ നടത്തം, പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ കുളി എന്നിങ്ങനെ ദിനചര്യ. കഴിഞ്ഞ ഏപ്രിലിൽ കുട്ടിയാനയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചിരുന്നു. ഏറെ നേരം കുട്ടിയാനയ്‌ക്കൊപ്പം ചെലവഴിച്ച മന്ത്രി, അതീവ ശ്രദ്ധയോടെ പരിചരിക്കുന്ന വനംവകുപ്പ് ഡോക്ടർമാരെയും ജീവനക്കാരെയും അഭിനന്ദിച്ചു.
അഭയാരണ്യം ചുറ്റിനടന്ന് കണ്ട മന്ത്രി ആശ, അഞ്ജന, സുനിത, പാർവതി, ഹരിപ്രസാദ്, അഭിമന്യു, പീലാണ്ടി ചന്ദ്രു എന്നീ ആനകളെയും സന്ദർശിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. ആടലരശൻ, മലയാറ്റൂർ ഡി.എഫ്.ഒ. പി. കാർത്തിക്, എ.സി.എഫ്. ജ്യോതിഷ് ഓഴയ്ക്കൽ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ റഷീദ് എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.
