സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹത; പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത രൂപം, അന്വേഷണം ആരംഭിച്ച് പൊലീസ്
കണ്ണൂർ: കല്ലറയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി. കണ്ണൂർ വാണിയമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംഭവം. ഒരു കല്ലറയിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ ഉണ്ടോ എന്ന സംശയമാണ് ദുരൂഹതയ്ക്ക് വഴിമാറിയിരിക്കുന്നത്. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആറ് ദിവസം മുൻപ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ പുതിയൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി വികാരിയും കൈക്കാരന്മാരും ചേർന്ന് കല്ലറ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കല്ലറ നീക്കി പരിശോധിച്ചപ്പോൾ ഉള്ളിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹത്തിന് സമാനമായ മറ്റൊരു രൂപം കൂടി കണ്ടെത്തുകയായിരുന്നു. പരമ്പരാഗത ക്രിസ്ത്യൻ ആചാരങ്ങൾക്ക് വിരുദ്ധമായി പായയിൽ കെട്ടിയ നിലയിലുള്ള ഈ രൂപം എങ്ങനെ കല്ലറയ്ക്കുള്ളിൽ എത്തി എന്നത് പള്ളി അധികൃതരെയും പൊലീസിനെയും ഒരുപോലെ കുഴക്കുന്നുണ്ട്.
കല്ലറയിൽ കണ്ടെത്തിയത് മുൻപ് പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹമണോ എന്ന് സംശയമുണ്ടെന്നും പള്ളി അധികൃതർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചതെന്നുമാണ് പള്ളി വികാരി ഫാദർ ഗിൽബർട്ട് കൊന്നയിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാദ്ധ്യങ്ങളിൽ സംഭവം വലിയ ചർച്ചയായിരുന്നു. പ്രദേശവാസിയായ ജിൻസ് ഉണ്ണിമാക്കൽ എന്നയാൾ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം നാട്ടുകാരിലേക്ക് എത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരമൊരു വസ്തു പായിൽ പൊതിഞ്ഞ് മറ്റൊരു മൃതദേഹത്തോടൊപ്പം ഒരേ സമയം കല്ലറയിൽ അടക്കം ചെയ്യാൻ യാതൊരു സാദ്ധ്യയുമില്ലെന്ന് ഇദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവർത്തിച്ചിരുന്നു. കണ്ടെത്തിയ വസ്തു പൂർണമായും ജീർണ്ണിച്ച നിലയിലായതിനാൽ മൃതദേഹം തന്നെയെന്ന് ഉറപ്പിക്കാൻശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് കരിക്കോട്ടക്കരി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്
