‘പിടിച്ച് വാങ്ങാൻ പറ്റില്ലല്ലോ’, 18 വയസ്സിന്‌ മുമ്പ് ലൈസൻസ് കിട്ടിയെന്ന ആരോപണത്തിൽ ഗണേഷ് കുമാർ

Share our post

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയാകുംമുൻപേ തനിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചുവെന്ന മോട്ടോർവാഹന വകുപ്പ് രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ.”എനിക്ക് അപേക്ഷ കൊടുക്കാനല്ലേ പറ്റൂ. ലൈസൻസ് പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ” എന്നായിരുന്നു പത്രസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് ഗണേഷ്‌കുമാർ നൽകിയ മറുപടി. ആദ്യമായിട്ടാണ് ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.

‘ലൈസൻസ് എടുത്തതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അടുത്ത പുതുക്കൽ വരുമ്പോൾ അതിൽ കുഴപ്പമില്ലാതാകും. അന്നത്തെക്കാലത്തെ ഉദ്യോഗസ്ഥൻ ആരാണെന്ന് അന്വേഷിച്ച് നടപടിയെടുക്കണം. ലൈസൻസ് തന്ന ആളിനോടു ചോദിക്കണം. ഞാൻ അപേക്ഷകൊടുത്തു, കിട്ടി.’- ഗണേഷ്‌കുമാർ പറഞ്ഞു. രേഖകൾപ്രകാരം ചെയ്തത് തെറ്റാണെങ്കിൽ നടപടിക്കു വിധേയനാകണ്ടേ? എന്ന ചോദ്യത്തിന് ”അന്നത്തെ ഉദ്യോഗസ്ഥൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തോടു ചോദിക്കാം”- എന്നായിരുന്നു ഗണേഷ്‌കുമാറിന്റെ മറുപടി.

1966 മേയ് 25-ന് ജനിച്ച ഗണേഷ്‌കുമാറിന് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി. ഓഫീസിൽനിന്ന് ലൈസൻസ് നൽകിയെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ രേഖകളിലുള്ളത്. ഇതുപ്രകാരം ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോൾ അദ്ദേഹത്തിന് 17 വയസ്സും എട്ടുമാസവുമായിരുന്നു പ്രായം. 18 വയസ്സ് തികയണമെങ്കിൽ മേയ് 25 കഴിയണമായിരുന്നു.

ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എ. എന്ന വിശേഷണം കൂട്ടിച്ചേർത്തതിൽ തെറ്റില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘എം.എൽ.എ. ആയിരുന്നല്ലോ?’ എന്നായിരുന്നു ഗണേഷ്‌കുമാറിന്റെ ആദ്യ മറുപടി. അങ്ങനെവെക്കാൻ നിയമം അനുവദിക്കുന്നില്ലായെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം നിലപാട് മാറ്റി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി.

‘എം.എൽ.എ. എന്ന് അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥർ ടൈപ്പ് ചെയ്തപ്പോൾ മനസ്സിൽ തോന്നി എം.എൽ.എ. എന്ന് ചേർത്തതാകാം. അങ്ങനെ ചെയ്തവർക്കെതിരേ നടപടി എടുക്കണം.’- ഗണേഷ്‌കുമാർ പറഞ്ഞു. ഇതിന്റെപേരിൽ തന്റെ ലൈസൻസ് റദ്ദാക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ്‌കുമാർ പറഞ്ഞു. ‘എനിക്ക് ഇന്റർനാഷണൽ ലൈസൻസ് ഉണ്ട്. അതുവെച്ച്‌ ഓടിക്കും-” അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!