കാട്ടാനകളെ തുരത്താൻ സോളാർ തൂക്കുവേലി
ഉളിക്കൽ : കാട്ടാനശല്യത്തിന് പരിഹാരംകാണാൻ ഉളിക്കൽ പഞ്ചായത്തിന്റെ അതിർത്തിയിൽ സോളാർ തൂക്കുവേലി സ്ഥാപിച്ചു. പേരട്ടമുതൽ ആനപ്പാറവരെയുള്ള ഭാഗത്തെ കർണാടക വനാതിർത്തിയിലാണ് തൂക്കുവേലി നിർമിച്ചിരിക്കുന്നത്. വനം വകുപ്പ്, ജില്ലാ പഞ്ചായത്ത്, ഉളിക്കൽ പഞ്ചായത്ത് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് 14 കിലോമീറ്റർ ദൂരത്തിൽ വേലിയുടെ നിർമാണം പൂർത്തീകരിച്ചത്. വിവിധ സ്ഥലങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി നൽകുന്നത്.
ഇരുമ്പുകാലുകൾ സ്ഥാപിച്ച് അതിനുമുകളിലാണ് നൂൽക്കമ്പികൾ തൂക്കിയിരിക്കുന്നത്. ആനകളുടെ ശരീരം കമ്പിയിൽ സ്പർശിച്ചാൽ ഷോക്കടിക്കും. സോളാർ വേലി ചാർജ് ചെയ്തതോടെ കർണാടക വനമേഖലയിൽ കൂട്ടമായി ആനകൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നതിന് പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാർ കരുതുന്നത്. കാലാങ്കിയിലെ വ്യൂ പോയന്റ് കാണാനെത്തുന്നവർക്ക് ഈ വേലി കുരുക്കാണ്. വേലിയിൽ തട്ടാതെ കടന്നാൽ മാത്രമേ വ്യൂ പോയന്റിൽ എത്താൻ കഴിയൂ. ഇത് അപകടത്തിന് വഴിയൊരുക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
