പല വകുപ്പുകൾക്കും മന്ത്രിമാരില്ലാതെ വിജയ് സർക്കാർ; മന്ത്രിസഭാവികസനം ഉടനെന്ന് സൂചന; അംഗബലം 34 ആക്കും

Share our post

ചെന്നൈ: തമിഴ്‌നാട്ടിലെ ടി.വി.കെ. മന്ത്രിസഭ ഉടൻ വികസിപ്പിക്കും. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടുമന്ത്രിമാരെ ലഭിക്കുമെന്നാണ് കരുതുന്നത്. സർക്കാരിനെ പിന്തുണച്ച അണ്ണാ ഡി.എം.കെ. വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.

മേയ് 10-ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒൻപത് ടി.വി.കെ. നേതാക്കളാണ് സത്യപ്രതിജ്ഞചെയ്തത്. പ്രധാന വകുപ്പുകൾ അവർക്ക് വീതിച്ചു നൽകിയെങ്കിലും പല വകുപ്പുകൾക്കും ഇപ്പോഴും മന്ത്രിമാരില്ല. ചില മന്ത്രിമാർ പല വകുപ്പുകളുടെയും ചുമതല വഹിക്കുന്നുമുണ്ട്. ഇതുകാരണം ഭരണനിർവഹണം കാര്യക്ഷമമായി തുടങ്ങാനായിട്ടില്ല. എത്രയും പെട്ടെന്ന് മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്.

വിജയ് മന്ത്രിസഭയുടെ അംഗബലം ഘട്ടംഘട്ടമായി 34 വരെയായി ഉയർത്താനാണ് ആലോചിക്കുന്നത്. ആദ്യവികസനത്തിൽ എത്രപേരെ ഉൾപ്പെടുത്തുമെന്ന്‌ വ്യക്തമല്ല. അഞ്ച് എം.എൽ.എ.മാരുള്ള സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനം നൽകാൻ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. പാർട്ടി നിയമസഭാകക്ഷി നേതാവ് എസ്. രാജേഷ് കുമാറിനെയും മേലൂർ എം.എൽ.എ. പി. വിശ്വനാഥനെയുമാണ് കോൺഗ്രസ് ശുപാർശ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിക്കൊപ്പംതന്നെ കോൺഗ്രസ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാത്തതിൽ പാർട്ടിക്ക് നിരാശയുണ്ട്.

ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടിയുയർത്തിയ 25 അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരാണ് വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ടുചെയ്തത്. അതിലൊരാൾ പിന്നീട് എടപ്പാടിപക്ഷത്തേക്കുമാറി. വിമതനീക്കത്തിന് നേതൃത്വം നൽകിയ സി.വി. ഷൺമുഖം, എസ്.പി. വേലുമണി, സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ, ആർ. കാമരാജ്, കെ.പി. അൻപഴകൻ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എട്ടുമന്ത്രിസ്ഥാനം വിമതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഞ്ചെണ്ണം നൽകാൻ ധാരണയായിട്ടുണ്ടെന്നും കേൾക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം വന്നിട്ടില്ല.

വിമത അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർക്ക് മന്ത്രിസ്ഥാനം നൽകരുതെന്ന് സർക്കാരിനെ പിന്തുണയ്ക്കുന്ന കോൺഗ്രസും വി.സി.കെ.യും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.എം.കെ.യെയും അണ്ണാ ഡി.എം.കെ.യെയും മാറ്റിനിർത്താനാണ് ജനങ്ങൾ ടി.വി.കെ.യ്ക്ക് വോട്ടുചെയ്തതെന്നും വിമതരെ മന്ത്രിസഭയിലെടുക്കുന്നത് ജനവിധിക്കുവിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു. അണ്ണാ ഡി.എം.കെ. വിമതരെ മന്ത്രിസഭയിലെടുക്കുന്നത് രാഷ്ട്രീയ നൈതികതയ്ക്ക് നിരക്കുന്നതല്ലെന്ന് വി.സി.കെ. ജനറൽ സെക്രട്ടറി ഡി. രവികുമാർ അഭിപ്രായപ്പെട്ടു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!