മന്ത്രി സ്ഥാനത്തിനായി കൂടുതല്‍ എംഎല്‍എമാര്‍; കോണ്‍ഗ്രസില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ വഴിമുട്ടുന്നു
തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ മന്ത്രിസഭ ചര്‍ച്ചകള്‍ വഴിമുട്ടുന്നു. സ്പീക്കര്‍ പദവി വേണ്ട, മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉറച്ചുനില്‍ക്കുകയാണ്. തിരുവഞ്ചൂരിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ നിലവില്‍ പരിഗണിച്ചിട്ടുള്ള ഒരാളെ ഒഴിവാക്കേണ്ടിവരും. അതുകൊണ്ടുതന്നെ തിരുവഞ്ചൂരിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
വയനാട്ടില്‍ നിന്ന് മന്ത്രി വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി നിലപാടെടുത്തതോടെ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന് എന്നിവരെ പരിഗണിക്കണം എന്ന ആവശ്യത്തിന് മുന്നിലും നേതൃത്വം പ്രതിസന്ധിയിലാണ്. ഇതിനിടെ വി ടി ബല്‍റാമിന് വേണ്ടി വി ഡി സതീശന് നിലപാട് കടുപ്പിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ടോടെ മന്ത്രിമാരുടെ പട്ടിക ലോക്ഭവനില്‍ എത്തിക്കേണ്ടതുണ്ട്. നാളെ പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തുമ്പോള്‍ പുതിയ പേരുകള്‍ ഉയര്‍ന്നുവരികയാണ്. അങ്ങനെ ഉയര്‍ന്നുവന്ന പേരാണ് റോജി എം ജോണിന്റേത്. മന്ത്രി സ്ഥാനത്തിനായി റോജിയും രംഗത്തെത്തിയിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തി എന്‍ ശക്തനും രംഗത്തുണ്ട്.
അതിനിടെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം അയയുകയാണ്. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജോസഫ് വിഭാഗം സമ്മതിച്ചു. അങ്ങനെയെങ്കില്‍ മോന്‍സ് ജോസഫ് മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം അപുവിനോ തോമസ് ഉണ്ണിയാടനോ നല്‍കിയേക്കും. ജലസേചനം, രജിസ്ട്രേഷന് എന്നീ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് വിവരം.
