മേയറും സംഘവും അയൽസംസ്ഥാനത്തെ ശ്മശാനങ്ങൾ സന്ദർശിച്ചു
കണ്ണൂർ: കോർപറേഷന്റെ നേതൃത്വത്തിൽ പയ്യാമ്പലം ശ്മശാനം നവീകരണത്തിന്റെ ഭാഗമായി മേയർ പി. ഇന്ദിരയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും അയൽസംസ്ഥാനത്തെ വിവിധ ശ്മശാനങ്ങളുടെ പ്രവർത്തനം നേരിൽക്കണ്ട് വിലയിരുത്തി. പുതിയ ഭരണസമിതിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ശ്മശാന നവീകരണത്തിന്റെയും സൗന്ദര്യവത്കരണത്തിന്റെയും ആദ്യഘട്ടമെന്ന നിലയിലാണ്
സന്ദർശനം. പരിസ്ഥിതിക്കിണങ്ങിയതും ആചാരാനുഷ്ഠാനങ്ങൾക്കും പ്രദേശവാസികളുടെ അഭിപ്രായത്തിന് മുൻഗണന നൽകുന്നതുമായ നവീകരണ പദ്ധതികൾക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. അഞ്ചുകോടി രൂപ ചെലവഴിച്ച് നടത്തുന്ന നവീകരണ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഇതിനകം തയാറായിട്ടുണ്ട്. കോയമ്പത്തൂരിൽ ഉൾപ്പെടെ സന്ദർശനം നടത്തിയ സംഘത്തിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പദ്ധതിക്ക് അന്തിമരൂപം നൽകുക.
കോർപറേഷൻ പരിധിയിലുള്ള ചേലോറ, എടക്കാട് എന്നിവിടങ്ങളിലെ ശ്മശാനങ്ങളും നവീകരിക്കും. പയ്യാമ്പലത്തെ പരമ്പരാഗത രീതിയിലുള്ള ശ്മശാനത്തിന്റെ പ്രവർത്തനത്തിൽ കോടതി വിധി നിലനില്‍ക്കുന്നതിനാൽ വാതക, വൈദ്യുതി ശ്മശാനങ്ങൾ എന്നിവയും പരിഗണനയിലുണ്ട്. ഇതുൾപ്പെടെ നവീകരണ പ്രവർത്തികൾക്ക് എത്രയും വേഗത്തിൽ തുടക്കം കുറിക്കാനുള്ള നടപടികളിലാണ് കോർപറേഷൻ. മേയർക്കു പുറമേ സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ലിഷ ദീപക്, വി.കെ. മുഹമ്മദലി, സോന ജയറാം, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, ക്ലീൻസിറ്റി മാനേജർ ഷൈൻ പി. ജോസ് എന്നിവരും അയൽ സംസ്ഥാനങ്ങളിലെ ശ്മശാനങ്ങളുടെ പ്രവർത്തനം വിലയിരുത്താനെത്തിയ സംഘത്തിലുണ്ടായിരുന്നു.
