ശബരിമലയിലെ പൂജയുടെ പേരിലുംകൊള്ള; മറിഞ്ഞത് കോടികൾ, വിജിലൻസ് റിപ്പോർട്ട് പുറത്ത്

Share our post

പത്തനംതിട്ട: ശബരിമലയിൽ പൂജയുടെ പേരിലും വൻതട്ടിപ്പ് നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ചുരുങ്ങിയത് 10 വർഷമായി നടക്കുന്ന ഈ കൊള്ളയിലെ പ്രധാന കണ്ണി അതത് കാലങ്ങളിലെ ചില അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരാണെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സ്വർണക്കൊള്ള കേസിലെ പ്രതികൾ ഈ സ്ഥാനങ്ങളിലിരുന്നപ്പോഴും ഇത് നടന്നിരുന്നു. എത്ര പണം കൊള്ളയടിച്ചെന്ന് കണ്ടെത്താൻ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായം വിജിലൻസ് തേടി. സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് കൊടുത്ത റിപ്പോർട്ടിലും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ ഓഡിറ്റിങ് വേണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹൈക്കോടതി വിലക്കിയ ആളിന്റെ സൗജന്യം തട്ടിപ്പിന് മറയാക്കി

കൊല്ലം സ്വദേശിയായ വ്യവസായി സുനിൽ കുമാറാണ് (സുനിൽ സ്വാമി-58) പത്തു വർഷത്തിലേറെയായി ശബരിമലയിലെ നിത്യപൂജയ്ക്ക് സാധനങ്ങൾ വാങ്ങിനൽകുന്നത്. ശബരിമലയിലെ അനധികൃത ഇടപെടലിന്റെ പേരിൽ മൂന്നുവർഷം മുമ്പ് ഹൈക്കോടതി അദ്ദേഹത്തെ വിലക്കിയിട്ടും ഇതുതുടർന്നു. മാസപൂജകൾക്കും മണ്ഡല-മകരവിളക്ക് സീസണിലേക്കുമായി ഇങ്ങനെ സൗജന്യമായി നൽകുന്നത് പൂജയ്ക്കുള്ള അരി, അവൽ, ശർക്കര, പഴം, കൊട്ടത്തേങ്ങ, പച്ചത്തേങ്ങ, ചുക്ക്, ജീരകം, ഏലയ്ക്ക, മഞ്ഞൾ, കുരുമുളക്, പട്ട്, തോർത്ത് തുടങ്ങി 54 ലക്ഷം രൂപയുടെ സാധനങ്ങളാണ്.

സുനിൽ സ്വാമി നൽകിയ സാധനങ്ങൾ ശബരിമല സ്റ്റോറിലെ അക്കൗണ്ടിലേക്ക് വരവുവെക്കാറില്ല. സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഓഫീസിനോട് ചേർന്നമുറിയിൽ സൂക്ഷിക്കും. ഇവയുടെ ഗുണനിലവാര പരിശോധനയും നടത്തിയിരുന്നില്ല. ഗണപതി ഹോമത്തിനുള്ള സാധനങ്ങളും ഇതിൽനിന്ന് എടുക്കും. പിന്നീട് നിത്യപൂജയുടെ തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ എഴുതിയെടുക്കും. സഹസ്രകലശം, പടിപൂജ, കളഭാഭിഷേകം, ഉദയാസ്തമയപൂജ തുടങ്ങിയവയ്ക്ക് സാധനങ്ങൾ വാങ്ങിയതിന്റെ ചെലവ് എഴുതിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

അഷ്ടാഭിഷേകത്തിന് വാങ്ങുന്ന തുകയും കീശയിലേക്ക്

അഷ്ടാഭിഷേകത്തിന് അയ്യപ്പൻമാരോട് 6000 രൂപയാണ് ദേവസ്വം വാങ്ങുന്നത്. ഇതിനായി 5700 രൂപയുടെ സാധനങ്ങൾ, ദേവസ്വം സ്റ്റോറിലേക്ക് സൗജന്യമായി കിട്ടിയതിൽനിന്ന് എടുക്കും. ബാക്കി 300 രൂപ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പാൽ, കരിക്ക്, പനിനീർ എന്നിവ വാങ്ങുന്നതിന് എഴുതിയെടുക്കും. മണ്ഡലകാലത്ത് 50 അഷ്ടാഭിഷേകമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മാസപൂജകൾക്ക് 400 വരെയുണ്ടാകും. ഇതിലൂടെ കിട്ടുന്ന തുകയും ചിലരുടെ കീശയിലേക്ക് പോയെന്ന് കണ്ടെത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!