തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും; ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആകും

Share our post

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്മാന്‍ ആകും ഡെപ്യൂട്ടി സ്പീക്കര്‍. ഇരുവരും മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവിയാകും നല്‍കുക. മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹം തിരുവഞ്ചൂര്‍ പ്രകടിപ്പിച്ചെങ്കിലും പരിചയസമ്പന്നതയുള്ള മികവ് തെളിയിച്ച നിയമസഭാ ചട്ടങ്ങളെക്കുറിച്ച് ധാരണയുള്ളയാളെന്ന നിലയിലാണ് തിരുവഞ്ചൂരിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചത്.

ആലപ്പുഴയില്‍ നിന്നും രമേശ് ചെന്നിത്തലയ്ക്കും എം ലിജുവിനും പുറമെ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് കേട്ട പേരായിരുന്നു ഷാനിമോളുടേത്. കോണ്‍ഗ്രസ് വനിതാ എംഎല്‍എമാരിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന പരിഗണന കൂടി തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് പരിഗണിക്കുകയായിരുന്നു. കെപിസിസി കോര്‍കമ്മിറ്റിയിലെ ഏക വനിതാ അംഗമായ ഷാനിമോള്‍ ഉസ്മാന്‍ രണ്ടാംവട്ടമാണ് നിയമസഭാംഗമാവുന്നത്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവി നൽകാനാണ് നിലവിലെ ധാരണ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമായി ഇന്ന് ചര്‍ച്ച നടക്കും. രണ്ട് മന്ത്രിസ്ഥാനം കിട്ടുകയാണെങ്കിൽ മോന്‍സ് ജോസഫിന് പുറമെ അപു ജോസഫോ തോമസ് ഉണ്ണിയാടനോ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരില്‍ ഒരാളാകും ചീഫ് വിപ്പാകുക. അപുവിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് സാധ്യത കൂടുതലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!