സോണിയ ഗാന്ധി ആശുപത്രിവിട്ടു; രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകീട്ട്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി (79) ആശുപത്രിവിട്ടു. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് അവർ ആശുപത്രിയിലെത്തിയത് എന്നാണ് വിവരം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ സന്ദർശനത്തിനുശേഷം സോണിയ ഗാന്ധി വീട്ടിൽ തിരിച്ചെത്തി.
കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് സോണിയ ഗാന്ധി ആശുപത്രിയിലായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീളുമോ എന്ന ആശങ്ക ഉയർന്നിരുന്നു.
എന്നാൽ പതിവ് ചികിത്സകളുടെ ഭാഗമായുള്ള ആശുപത്രി സന്ദർശനമാണ് നടന്നത് എന്ന വിവരം പുറത്തുവന്നതോടെ ഈ ആശങ്കയ്ക്ക് വിരാമമായി. വൈകുന്നേരത്തോടെ രാഹുലും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.
കഴിഞ്ഞ കുറച്ചു കാലങ്ങളായി സോണിയാ ഗാന്ധി വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വർഷം ജനുവരിയിൽ ശ്വസനതടസത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഡൽഹിയിലെ കഠിനമായ തണുപ്പും അന്തരീക്ഷ മലിനീകരണവും കാരണം ആസ്തമവർദ്ധിച്ചതാണ് അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഈ വർഷംതന്നെ മാർച്ചിൽ അസ്വസ്ഥതയെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചിരുന്നു.
അന്ന് മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. 2025-ൽ മാത്രം ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്നും പതിവ് പരിശോധനകൾക്കുമായി മൂന്ന് തവണയെങ്കിലും അവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
