മുഖ്യമന്ത്രിയാര്? ഉറപ്പിച്ച് സതീശൻ, ആത്മവിശ്വാസത്തിൽ ചെന്നിത്തല; ലീഗിന്റെ നിലപാട് നിർണായകമാകും

Share our post

ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസവും തുടരുന്നു. ഹൈക്കമാൻഡ് തീരുമാനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും മുസ്ലിം ലീഗിന്റെ നിലപാടും ഡൽഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രഖ്യാപനം വൈകിപ്പിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് തന്നെ പരിഗണിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസങ്ങളിലെ ഫ്‌ലെക്‌സ് യുദ്ധങ്ങളിലോ പരസ്യമായ പ്രതിഷേധങ്ങളിലോ അദ്ദേഹം ഭാഗമായിട്ടില്ല. നിലവിൽ ക്ഷേത്രദർശനങ്ങളുടെ തിരക്കിലായ അദ്ദേഹം, ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് ശേഷം മാത്രമേ പരസ്യ പ്രതികരണം നടത്തൂ എന്ന നിലപാടിലാണ്. ചെന്നിത്തലയുടെ മുഖത്ത് ആശങ്കകളില്ലെന്നും അദ്ദേഹം വളരെ ‘കൂൾ’ ആണെന്നും അദ്ദേഹത്തിന്റെ ക്യാമ്പ് അവകാശപ്പെടുന്നു.

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുയായികൾ. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ചു വർഷം യുഡിഎഫിനെ മികച്ച രീതിയിൽ നയിച്ചതും ജനവികാരം അനുകൂലമാണെന്നതുമാണ് ഇവരുടെ പ്രധാന വാദം. കളമശേരിയിൽനിന്നു വജയിച്ചമുസ്ലിം ലീഗ് നേതാവ്‌ അബ്ദുൽ ഗഫൂർ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ രാവിലെ ആലുവയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഹൈക്കമാൻഡിൽനിന്ന് മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്ന് അണികൾ വിശ്വസിക്കുന്നു.

പ്രഖ്യാപനം വൈകുന്നതിന് പിന്നിലെ പ്രധാന കാരണം മുസ്ലിം ലീഗ് തീരുമാനം കോൺഗ്രസ് കാക്കുന്നതുകൊണ്ടാണ് എന്നാണ് സൂചന. മലപ്പുറത്ത് നടക്കുന്ന ലീഗിന്റെ നിർണ്ണായക നേതൃയോഗത്തിന് ശേഷം മാത്രമേ കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ. ലീഗിന്റെ നിലപാടിൽ വ്യക്തത വന്നാലുടൻ പ്രഖ്യാപനം ഉണ്ടായേക്കും. ഹൈക്കമാൻഡ് ഒരു പേരിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് മുമ്പ് പുറത്തുവന്ന റിപ്പോർട്ടുകൾ. ലീഗിന്റെ അഭിപ്രായവും അറിഞ്ഞതിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും. ഇതിന് ശേഷം പ്രഖ്യാപനം ഉണ്ടായേക്കും.

അതേസമയം, മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി നിലവിൽ ഡൽഹിയിലുണ്ടെന്നും അദ്ദേഹം ആശുപത്രിയിലേക്ക് പോയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്റെ ഡൽഹിയിലെ വസതിയിൽ തുടരുകയാണ്.

മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ, കെ. സുധാകരൻ എന്നിവർ ഇപ്പോഴും ഡൽഹിയിൽ തുടരുന്നുണ്ട്. പ്രഖ്യാപനം വൈകുന്നതിലുള്ള കേരളത്തിലെ ജനവികാരം വി.എം. സുധീരൻ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ, കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന ഷാഫി പറമ്പിൽ, എ.പി. അനിൽ കുമാർ തുടങ്ങിയ നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുണ്ട്.

പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭ കെടുത്തുമെന്ന് കേരളത്തിലെ നേതാക്കളും ഘടകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ കൃത്യമായ സമയം പറയാൻ എഐസിസി വൃത്തങ്ങൾ തയ്യാറായിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലെത്തി പ്രഖ്യാപനം നടത്തുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!