മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തി പൊലീസ് ജീപ്പുമായി കടന്ന കള്ളൻ പിടിയിൽ

Share our post

കണ്ണൂർ ∙ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ. ഗുരുവായൂർ സ്വദേശി ഹംസത്തിനെ കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയോടെയാണ് പ്രതി സൈബർ പൊലീസ് സ്റ്റേഷന് സമീപത്തായി നിർത്തിയിട്ടിരുന്ന ജീപ്പ് കടത്തിക്കൊണ്ടുപോയത്. 

മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നും കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങൾ ശേഖരിച്ച ശേഷം ഇയാളെ പറഞ്ഞയച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു സ്റ്റേഷനിൽ എത്തിയത്. പിന്നീട് ഇയാൾ തൊട്ടടുത്തുള്ള സൈബർ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തി. ഇവിടെ നിർത്തിയിട്ടിരുന്ന ജീപ്പിൽ കയറി ഇരുന്നു. താക്കോൽ വാഹനത്തിലുണ്ടായിരുന്നതിനാൽ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുകയായിരുന്നു.

എസ്എൻ പാർക്കിലെ തട്ടുകടകൾക്ക് സമീപം പ്രതി ജീപ്പ് നിർത്തി. ഇയാൾ മദ്യലഹരിയിലാണെന്ന് തോന്നിയപ്പോൾ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ ടൗൺ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി നഗരത്തിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!