ഒട്ടേറെ ജീവനെടുത്ത ഭീമാകാരൻ; ‘കൊലയാളി’യിൽ ഒരു കണ്ണുവേണം

Share our post

കൊച്ചി/ കണ്ണൂർ∙ ആറളം ഫാമിൽ ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭീഷണിയാകുന്ന ‘കെഎം–1’ എന്ന ആനയെ നിരന്തരം നിരീക്ഷിക്കണമെന്നും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഓരോ ജീവനും അമൂല്യമാണെന്നും പൗരനു സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഓർമിപ്പിച്ചു. ആറളം ഫാം മേഖലയിൽ ‘കെഎം–1’ ആനയെ കണ്ടതോടെ ഫാമിലെ ജനങ്ങൾ ഭീതിയിലാണെന്നും ചൂണ്ടിക്കാട്ടി പി.എം. ബൈജു പോൾ മാത്യൂസ് നൽകിയ ഉപ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ഫെബ്രുവരിയിൽ അനീഷ് എന്നയാൾ ഈ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാൻ നിരന്തര മേൽനോട്ടം ഉണ്ടാകണമെന്നു കോടതിയുടെ നിർദേശം മുൻപേ നിലവിലുണ്ടെന്നും വിശദീകരിച്ചു. ആറളം ഫാമിന്റെ അഭിഭാഷകനും ഇക്കാര്യം അംഗീകരിച്ചതിനെ തുടർന്നാണു നിരീക്ഷണം കർശനമാക്കണമെന്ന നിർദേശം. 22നു കേസ് വീണ്ടും പരിഗണിക്കും.

ഒട്ടേറെ ജീവനെടുത്ത ഭീമാകാരൻ
ഇരിട്ടി ∙ ആറളത്തു കഴിഞ്ഞ 12 വർഷത്തിനിടെ കാട്ടാനക്കലിയിൽ 15 പേരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ കൂടുതൽ സംഭവങ്ങളിലും കൊലയാളിയായത് കെഎം – 1 എന്ന മോഴയാനയെന്നാണു പ്രദേശവാസികൾ പറയുന്നത്. കെഎം – 1 എന്നതിലൂടെ ഉദ്ദേശിക്കുന്നത് കണ്ണൂർ മോഴയെന്നതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 23ന് വെള്ളി – ലീല ദമ്പതികളുടെ കൊന്നതും ഈ വർഷം ഫെബ്രുവരി 27ന് അനീഷിനെ കൊന്നതും മോഴയാനയാണെന്നു കണ്ടെത്തിയിരുന്നു. അനീഷിന്റെ വീട്ടുമുറ്റത്ത് രണ്ടാഴ്ച മുൻപ് മോഴയാന എത്തിയിരുന്നു. അന്നു അനീഷിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

40 ആനകൾ ഫാമിൽ തമ്പടിച്ചിട്ടുണ്ട്. ഇതിൽ ഭീമാകാരനായ ഈ മോഴയാനയാണ് കൂടുതൽ അക്രമണകാരിയുമെന്നാണു നാട്ടുകാർ പറയുന്നത്. കാലടി പതിഞ്ഞാൽ ഒന്നരയടി വലുപ്പത്തിൽ അടയാളം കാണാമെന്നും നാട്ടുകാർ പറയുന്നു. അനീഷിന്റെ വീട്ടുമുറ്റത്തു പതിഞ്ഞ കാലടിയിൽ ഇതുവ്യക്തമായിരുന്നു. മഴയാണെങ്കിൽ നടന്ന വഴിയാകെ കുഴികൾ രൂപപ്പെടും. തെങ്ങുകൾ കുത്തിമറിച്ചിടാൻ ഇവനു നിമിഷങ്ങൾ മതി.

വാഗ്ദാനങ്ങൾ പാഴായി
∙ കഴിഞ്ഞ വർഷം ഫെബ്രുവരി 23ന് വെള്ളി – ലീല ദമ്പതികളുടെ മരണത്തെതുടർന്നുണ്ടായ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സ്ഥലത്തെത്തിയ അന്നത്തെ വനമന്ത്രി എ.കെ.ശശീന്ദ്രനോട് മോഴയാനയെ പിടികൂടി മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്നു മന്ത്രി ഉറപ്പു നൽകിയെങ്കിലും നടപടിയുണ്ടായില്ല. അനീഷ് ഇതേ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇപ്പോഴും സ്ഥിരമായി ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലുമെത്തുന്ന മോഴയാന സോളർ തൂക്കുവേലിക്കു മുകളിൽ മരം കൊണ്ടുവന്നിട്ടു തകർക്കുന്നതു പതിവാണ്. തുടർന്നാണ് ജനവാസ മേഖലയിൽ പ്രവേശിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!