കൂത്തുപറമ്പിലെ തോൽവി: മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി; മണ്ഡലം ജനറല്‍ സെക്രട്ടറിയെ മാറ്റി

Share our post

കണ്ണൂർ ∙ കൂത്തുപറമ്പ് യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന്‍റെ തോല്‍വിക്ക് പിന്നാലെ മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിനെ സംഘടനാ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തി. മുൻ പഞ്ചായത്ത് അംഗമായ ഭാര്യ നദീറയേയും നീക്കി. മണ്ഡലത്തിലെ തോൽവിയെത്തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. ഷാഹുല്‍ ഹമീദിനെതിരെ ലീഗില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജയന്തി രാജന്‍റെ തോല്‍വിക്ക് കാരണം ഷാഹുല്‍ ഹമീദാണെന്നും എല്‍‍ഡിഎഫിന് വേണ്ടി ഷാഹുല്‍ ഹമീദ് പ്രവര്‍ത്തിച്ചുവെന്നുമാണ് ഒരു വിഭാഗം ലീഗ് അണികളുടെ ആരോപണം. ഷാഹുല്‍ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. പ്രവീണിന്റെ പോസ്റ്റർ നദീറ വാട്സാപ് സ്റ്റാറ്റസാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് പ്രവർത്തകർ ഷാഹുൽ ഹമീദിനെതിരെ രംഗത്തെത്തിയത്.

തന്‍റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടിയെന്ന് ഷാഹുല്‍ ഹമീദ് പ്രതികരിച്ചു. 1286 വോട്ടിനാണ് ജയന്തി രാജന്‍ പരാജയപ്പെട്ടത്. ഇത്തവണ ലീഗ് വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു കൂത്തുപറമ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!