വി.ഡി. സതീശനായി ഇരിട്ടിയിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രകടനം
ഇരിട്ടി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ മണ്ഡലത്തിൽ വി.ഡി. സതീശനായി യുഡിഎഫ് പ്രവർത്തകരുടെ പ്രകടനം. പടം നയിച്ചവൻ കേരളം നയിക്കട്ടെ എന്നെഴുതി ഉമ്മൻചാണ്ടിയും വി.ഡി. സതീശനും ഒരുമിച്ചുള്ള പോസ്റ്റുകൾ ഉയർത്തിയാണ്പ്രകടനം നടത്തിയത്. യുഡിഎഫ് സിന്ദാബാദ്, വി.ഡി. സതീശൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉടനീളം മുഴക്കിയായിരുന്നു പ്രകടനം. ഇന്നലെ രാവിലെ മുതൽ സോഷ്യൽ മീഡിയ വഴി പ്രകടനം സംബന്ധിച്ചു പ്രചാരണം ഉണ്ടായിരുന്നെങ്കിലും സംഘാടകർ ആരെന്നു വെളിപ്പെടുത്തിയിരുന്നില്ല.
വൈകുന്നേരം അഞ്ചരയോടെ പ്രവർത്തകർ നഗരത്തിൽ ഒത്തുചേർന്ന ശേഷമായിരുന്നു കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ പ്രകടനം. സണ്ണി ജോസഫിന്റെ വിജയത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചവരാണു തങ്ങളെന്നും ഇക്കാര്യത്തിൽ സണ്ണി ജോസഫിൽനിന്ന് വി.ഡി. സതീശന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും സണ്ണി ജോസഫിനു കൂടി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പറഞ്ഞു. വി.ഡി. സതീശനെ തഴയുന്ന സമീപനം ഉണ്ടായാൽ സതീശനായി തെരുവിലിറങ്ങുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് മുൻ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡന്റ് തറാൽ ഈസ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി കെ. ശ്രീകാന്ത്, അയ്യൻകുന്ന് പഞ്ചായത്തംഗം ഷിബോ കൊച്ചുവേലിക്കകം, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, മുൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, നേതാക്കളായ ഷൈജൻ ജേക്കബ്, വി. രാജു, നാസർ ചാത്തോത്ത്, ജാൻസൺ മണിമലനിരപ്പേൽ, സജി മച്ചിത്താനി, സുനിൽ ചെറുകാന എന്നിവർ നേതൃത്വം നൽകി. അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തിയിൽ വി.ഡി. സതീശനായി ബോർഡും ഉയർത്തിയിട്ടുണ്ട്.
പ്രകടനം പഴയ സ്റ്റാൻഡ് ജംഗ്ഷനിൽ അവസാനിച്ചതിനു പിന്നാലെ കോൺഗ്രസിൽനിന്ന് പുറത്താക്കിയ മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് ചാനലുകളോട് സണ്ണി ജോസഫിനെതിരെ പ്രതികരിക്കാൻ ശ്രമിച്ചത് യുഡിഎഫ് പ്രവർത്തകരെ പ്രകോപിതരാക്കി.
സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു. തോമസ് വർഗീസിനും പ്രതികരണമെടുക്കുന്ന ചാനലുകൾക്ക് എതിരെയും പ്രവർത്തകർ തിരിഞ്ഞതോടെ നേതാക്കൾ ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്. ഇതിനിടെ തോമസ് വർഗീസ് സ്ഥലത്തുനിന്നു മാറിയതിനാലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത്.
