ഒമാൻ കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം
ടെഹ്റാൻ: ഒമാൻ കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെ അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് രണ്ടുതവണ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് കപ്പലിൽ വൻ തീപിടിത്തം ഉണ്ടായതായും കപ്പലിനെ സഹായിക്കാൻ പാകിസ്താൻ നാവികസേനയുടെ കപ്പൽ എത്തിയതായും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
കടലിലൂടെ തൊടുത്തുവിട്ട രണ്ട് അജ്ഞാത വസ്തുക്കളാണ് കപ്പലിൽ പതിച്ചതെന്നാണ് പ്രാഥമിക വിവരം. ഒമാനിലെ റാസ് അൽ ഹദ്ദിൽനിന്ന് ഏകദേശം 112 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് ഭാഗത്തായാണ് സംഭവം നടന്നത്. ഏതുരാജ്യത്തിന്റെ കപ്പൽ ആണെന്നോ, ആക്രമണത്തിന് പിന്നിൽ ആരാണെന്നോ, എന്ത് തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
