1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ മൂന്ന് മാസം അനുവദിക്കും

Share our post

ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 1.58 കോടി നിർജീവ റേഷൻ കാർഡുകൾ ഒക്ടോബർ മുതൽ കേന്ദ്രസർക്കാർ താത്കാലികമായി നിഷ്‌ക്രിയമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും വ്യാജവും അർഹതയില്ലാത്തതുമായ കാർഡുകൾ ഒഴിവാക്കുന്നതിനാണ് ഈ നടപടി.

കഴിഞ്ഞ ആറ് മാസമായി റേഷൻ ധാന്യങ്ങൾ കൈപ്പറ്റാത്ത ‘സൈലന്റ് റേഷൻ കാർഡുകൾ’ ആണ് ആദ്യഘട്ടത്തിൽ നിഷ്‌ക്രിയമാക്കുന്നത്. ഇവരുടെ വിവരങ്ങൾ ഡാറ്റാബേസിൽനിന്ന് ഉടനടി നീക്കംചെയ്യില്ല. കാർഡുടമകൾക്ക് തങ്ങളുടെ അർഹത തെളിയിക്കുന്നതിനായി മൂന്ന് മാസത്തെ സമയപരിധി അനുവദിക്കും. ഈ കാലയളവിനുള്ളിൽ ഇ-കെവൈസി പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നവരുടെ റേഷൻ കാർഡുകൾ പുനഃസ്ഥാപിച്ചു നൽകും.

അർഹരായ ഗുണഭോക്താക്കൾക്ക് മാത്രമാണ് ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതെന്ന് ഉറപ്പാക്കാനും മരണപ്പെട്ടവരുടെയോ താമസം മാറിയവരുടെയോ പേരിൽ നടക്കുന്ന ചോർച്ചകൾ തടയാനുമാണ് സർക്കാർ ഈ ശുദ്ധീകരണം നടത്തുന്നത്.

ഡിജിറ്റലൈസേഷൻ, ആധാർ സീഡിങ്, ഇ-കെവൈസി എന്നിവയിലൂടെ ഇതുവരെ 5.8 കോടി റേഷൻ കാർഡുകൾ സിസ്റ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ‘സ്മാർട്ട്-പിഡിഎസ്’ പദ്ധതിവഴി നടപ്പാക്കുന്ന ഈ പ്രക്രിയയിൽ ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 90.64 ശതമാനം ഇ-കെവൈസി പൂർത്തീകരണം കൈവരിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!