മട്ടന്നൂരിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കും
മട്ടന്നൂർ : മട്ടന്നൂരിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കാൻ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഉത്സവവേളകളിലും മറ്റ് ആഘോഷങ്ങളിലും ഭക്ഷണം വിതരണംചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാരയിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരാൾ മരിക്കുകയും നിരവധിപേർ ചികിത്സയിലാകുകയുംചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
ആരോഗ്യ വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം ചടങ്ങുകളിൽ ഭക്ഷണവിതരണം അനുവദിക്കുക. 50ൽ കൂടുതൽപേർ പങ്കെടുക്കുന്ന എല്ലാ പരിപാടികളും നിർബന്ധമായി നഗരസഭയിൽ രജിസ്റ്റർചെയ്യണം. പാചകമേഖലയിൽ ജോലിചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും.
ലൈസൻസുള്ള കാറ്ററിങ് സർവീസുകാരെ മാത്രമേ ഭക്ഷണവിതരണത്തിന് ചുമതലപ്പെടുത്താവൂ. പരിപാടികൾ സംഘടിപ്പിക്കുന്നവർ 20 ദിവസം മുമ്പ് വെള്ളം പരിശോധിക്കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതർക്ക് അപേക്ഷ നൽകണം. ഹോട്ടലുകളും കൂൾബാറുകളും നിശ്ചിത ഇടവേളകളിൽ കുടിവെള്ള പരിശോധന നടത്തണം.
എല്ലാ വാർഡുകളിലും ആരാധാനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങൾ ചേരാനും ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ ക്ലാസ് നടത്താനും തീരുമാനിച്ചു.ഭക്ഷ്യവിഷബാധയേറ്റവരുടെ വീടുകളിൽ ആശമാരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തും.
നഗരസഭാ ചെയർമാൻ എൻ. ഷാജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര ഭാരവാഹികൾ, ഹോട്ടൽ-കൂൾബാർ ജീവനക്കാർ, കാറ്ററിങ് സർവീസുകാർ, പാചകവിദഗ്ധർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി പി. അനീഷ്, എന്നിവർ പങ്കെടുത്തു.
