പഴശി അണക്കെട്ടിൽ മണൽ ഉണ്ട്; ലേലം ചെയ്യാൻ നടപടിയില്ല
മട്ടന്നൂർ: പഴശി അണക്കെട്ടിൽ മണൽ കുമിഞ്ഞുകൂടിയിട്ടും ലേലം ചെയ്തു വിൽപന നടത്താനുള്ള നടപടിയില്ല. വർഷം തോറും സർക്കാരിലേക്ക് കോടികൾ ലഭിക്കുന്നതാണ് ഇതോടെ ഇല്ലാതാകുന്നത്. പുഴയില്‍നിന്ന് മണൽ വാരുന്നതിന് സർക്കാർ അനുമതി നൽകാതെയിരുന്നതിനാൽ അനധികൃത മണലൂറ്റും കടത്തും വ്യാപകമായിരിക്കുകയാണ്. ഇതോടെ, പ്രതിദിനം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
മുമ്പുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പഴശി പുഴയുടെ പല ഭാഗങ്ങളിലും കോടികള്‍ വിലമതിക്കുന്ന മണലാണ് ഒഴികിയെത്തിയത്. പഴശി പുഴയുടെ ഭാഗമായ ഇരിട്ടി, വളളിയാട്, പടിയൂര്‍, പൂവം, കുയിലുര്‍, എടക്കാനം എന്നിവിടങ്ങളിലാണ് വ്യാപകമായി മണല്‍ വന്നടിഞ്ഞത്. സര്‍ക്കാരിലേക്ക് കോടികളുടെ വരുമാനം ലഭിക്കുന്ന മണല്‍ ശേഖരണം ലേലം ചെയ്യേണ്ട കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
പത്ത് വർഷം മുമ്പ് വരെ പഴശി ഡാമിൽനിന്ന് മണൽ വാരുന്നത് ലേലം ചെയ്തിരുന്നു. ഒന്നരക്കോടിയോളം രൂപയ്ക്കാണ് ലേലം നടന്നത്. സർക്കാർ നൽകുന്ന പാസ് മുഖേനയാണ് ആവശ്യക്കാർക്ക് മണൽ വിതരണം ചെയ്തിരുന്നത്. ഇത് നിർധന കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. വർഷംതോറും നടക്കുന്ന ലേല നടപടികൾ നടക്കാതെ വന്നതോടെ പുഴയിൽ മണൽ നിറഞ്ഞു വരികയാണ്. മണൽ നിറയുന്നതിനൊപ്പം പുഴ നികന്നു പോകുന്ന അവസ്ഥയാണ്. പുഴയിലെ മണൽ നീക്കം ചെയ്തില്ലെങ്കിൽ വീണ്ടും പ്രളയ സാധ്യതയ്ക്ക് വഴിയൊരുക്കുകയാണ്.
അധികൃതരുടെ അനാസ്ഥ കാരണം പുഴയിൽ കെട്ടിക്കിടക്കുന്ന മണൽകൊള്ള നടത്തുകയാണ്. പഴശി ഡാം പരിസരങ്ങളിൽ നിന്നാണ് കൂടുതലായും മണൽ വാരൽ വ്യാപകമായി നടക്കുന്നത്.
ടയര്‍ ട്യൂബുകള്‍ ഘടിപ്പിച്ച ചങ്ങാടങ്ങള്‍ ഉപയോഗിച്ചും കൂറ്റന്‍ തോണികള്‍ ഉള്‍പ്പെടെയുള്ള മണല്‍വാരല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുമാണ് വ്യാപകമായി മണലൂറ്റി കടത്തുന്നത്. അധികൃതർ പുഴക്കരയുടെ ഭാഗത്തു പോലും തിരിഞ്ഞു നോക്കാറില്ല. മണല്‍ കടത്ത് തടയാന്‍ പോലീസോ റവന്യൂ വകുപ്പോ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.
വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി പുഴകള്‍ക്കും പ്രകൃതിക്കും ദോഷകരമല്ലാതെ പ്രാദേശിക സമിതികളുടെയോ പഞ്ചായത്തു സമിതികളുടെയോ മേല്‍നോട്ടത്തില്‍ മണലെടുപ്പ് നടത്താന്‍ അനുമതി നല്കിയാല് മണലൂറ്റ് തടയാനും സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ വരുമാനമുണ്ടാക്കാനും കഴിയും.
