വിനോദസഞ്ചാരമേഖലക്കായുള്ള കോടികളുടെ പദ്ധതികൾ ഉപ്പുകാറ്റേറ്റ് നശിക്കുന്നു

Share our post

പാപ്പിനിശ്ശേരി :വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാനായി കോടികൾ ചെലവിട്ട് ഒരുക്കിയ പദ്ധതികൾ മിക്കതും ഉപ്പുകാറ്റേറ്റ് നശിക്കുന്നു. വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ദശലക്ഷങ്ങളുടെ ഫ്ലോട്ടിങ് ബ്രിഡ്ജ് അടക്കമാണ് ഉപ്പ് കാറ്റേറ്റ് നശിക്കുന്നത്. നിരവധി മോഹനവാഗ്ദാനങ്ങൾ ഉയർത്തി പാപ്പിനിശ്ശേരി പാറക്കലിനെ വിനോദസഞ്ചാരികളുടെ ഹബ്ബാക്കിമാറ്റുമെന്ന് ഘോഷിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്ജും മനോഹരമായ ജെട്ടിയും അടക്കം ഒരുക്കിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രിഡ്ജ് പുഴയിൽ പൊങ്ങിക്കിടക്കുകയല്ലാതെ ഒരു തുടർനടപടിയും ഉണ്ടായില്ല.

നാലുവർഷം മുൻപ് വളപട്ടണം ബോട്ട്‌ജെട്ടിക്ക് സമീപത്ത് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജാണ് അവസാനം വിനോദസഞ്ചാര ഹബ്ബാക്കാൻ പാറക്കലിൽ എത്തിച്ചത്. വളപട്ടണത്ത് ഏറേക്കാലം പൊങ്ങിക്കിടന്ന് ബ്രിഡ്ജിന് ചുറ്റും കനത്ത മഴയിൽ മാലിന്യം അടിഞ്ഞതോടെ പ്രദേശവാസികളിൽനിന്ന്‌ ശക്തമായ എതിർപ്പ് ഉയരുകയായിരുന്നു. മാലിന്യം അടിഞ്ഞുകൂടിയതും രൂക്ഷമായ ദുർഗന്ധവും കാരണം ചുറ്റുപാടുമുള്ള ജനവാസമേഖലയിൽ വലിയ പകർച്ചവ്യാധിഭീഷണി ഉയർന്നതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ സാധനസാമഗ്രികൾ കരയ്ക്കെത്തിച്ച് മാസങ്ങളോളം പുഴയോരത്ത് കൂട്ടിയിരുന്നു. ഈ ബ്രിഡ്ജാണ് പിന്നീട് വലിയ ലക്ഷ്യമെന്ന മോഹനവാഗ്ദാനം പറഞ്ഞ് പാപ്പിനിശ്ശേരി പാറക്കലിൽ എത്തിച്ച് ബ്രിഡ്ജാക്കി ഉയർത്തിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു തുടർപ്രവർത്തനവും അവിടെ നടന്നില്ല. വളപട്ടണത്ത് ഉയർത്തിയ അതേ മാലിന്യപ്രശ്നം കഴിഞ്ഞ രണ്ടുവർഷമായി പാറക്കലും നേരിടുകയാണ്. ഫ്ലോട്ടിങ് ബ്രിഡ്ജിന് സമീപംതന്നെ ലക്ഷങ്ങൾ മുടക്കി മനോഹരമായ ജെട്ടിയും ഒരുക്കിയിരുന്നു. ജെട്ടിയും ഇതേ കാലഘട്ടത്തിൽ പണി പൂർത്തിയാക്കി മനോഹരമാക്കിയതാണ്. എന്നാൽ, നിലവിൽ പുഴയിലൂടെ വിനോദസഞ്ചാരികളെയുംകൊണ്ട് തലങ്ങും വിലങ്ങും പോകുന്ന സ്വകാര്യ ബോട്ടുകൾ അടക്കം ഈ ജെട്ടി ഉള്ളതായിപോലും നടിക്കാതെ അവഗണിക്കുകയാണ്. ഇതിന്റെ ഭാഗമായി ജെട്ടിയുടെ വകയിലും ദശലക്ഷങ്ങൾ വെറുതെ പാഴാക്കുകയാണ്.

ലക്ഷ്യം കാണാത്ത പദ്ധതികൾ ആർക്കുവേണ്ടി ?

 വലിയ പ്രതീക്ഷകൾ പൊതുസമൂഹത്തിന് മുന്നിൽ നിരത്തി തുടങ്ങിയ ഒട്ടുമിക്ക പദ്ധതികളും ലക്ഷ്യം കാണാതെ തുരുമ്പെടുക്കുമ്പോൾ ആർക്കാണ് നഷ്ടം? കേന്ദ്രസർക്കാർ സഹായത്തോടെ സംസ്ഥാന വിനോദസഞ്ചാരവകുപ്പാണ് 190 ലക്ഷം ചെലവിട്ട് പാപ്പിനിശ്ശേരി പാറക്കലിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. പഞ്ചായത്തിലെ പാറക്കലിനെ ഒരു വിനോദസഞ്ചാരഹബ്ബാക്കി മാറ്റുമെന്നായിരുന്നു വാഗ്ദാനം. ഇതോടൊപ്പം പാറക്കലിൽ മനോഹരമായ പാർക്കും ലഘുഭക്ഷണമൊരുക്കാൻ ഹട്ടുകളും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. പറശ്ശിനിക്കടവ് വിനോദസഞ്ചാരസർക്യൂട്ട് എന്ന പേരിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നിരവധി പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായി പലതവണ ഉയർന്നിരുന്നു. കൂടാതെ, വളപട്ടണം പുഴയിലെ നിരവധി കൊച്ചുദ്വീപുകളെ കോർത്തിണക്കി അനുബന്ധ വിനോദസഞ്ചാരപദ്ധതികളും പഞ്ചായത്തധികൃതർ അടക്കം പലതവണ പ്രഖ്യാപിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!