വൈദ്യുതി ലഭ്യതയിൽ കുറവ്; ഇന്നും പവർക്കട്ടിന് സാധ്യത: കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.45 മുതല്‍ 12 മണി വരെയുള്ള സമയത്തിനുള്ളിലാണ് നിയന്ത്രണം. വൈദ്യുതി ലഭ്യതയില്‍ കുറവ് അനുഭവപ്പെടുന്നതായി കെഎസ്ഇബി അറിയിച്ചു. 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശില്‍ നിന്നും ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കില്ല. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാന്‍ ആകുമെന്ന് കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വൈദ്യുതി ആവശ്യകത കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണമില്ലായിരുന്നു. അതേസമയം പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം പാലിക്കാന്‍ കെഎസ്ഇബി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12,000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. 5000 മെഗാവാട്ട് വരെ ഓള്‍ ഇന്ത്യ ഡിമാന്‍ഡ് കൂടാനും 5000 മെഗാവാട്ട് വരെ വിന്‍ഡ് ജനറേഷന്‍ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു.
