‘പെൺകുട്ടിയാണെന്ന് എന്താണ് ഉറപ്പ്, വസ്ത്രം ഊരിനോക്കാൻ പറ്റുമോ?’; പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് അവഹേളനം, പരാതി

Share our post

പറവൂർ (എറണാകുളം): കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ കണ്ടക്ടർ പെൺകുട്ടിയെ ടിക്കറ്റെടുക്കാൻ നിർബന്ധിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി പരാതി. അഞ്ച് വിദ്യാർഥിനികൾ യാത്ര ചെയ്യാൻ കയറിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ നാലു പേർക്ക് സീറോ ടിക്കറ്റ് നൽകി. അഞ്ചാമത്തെ പെൺകുട്ടിയോട് ടിക്കറ്റെടുക്കാൻ കണ്ടക്ടർ നിർബന്ധിച്ചെന്നാണ് പരാതി.

അപമാനിച്ച കണ്ടക്ടർക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് പെൺകുട്ടി പറവൂർ എസ്.എച്ച്.ഒ.യ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അടുത്തിടെ തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞ കുട്ടിയുടെ തലമുടി വെട്ടിയ നിലയിലായിരുന്നു. കണ്ടാൽ പെൺകുട്ടിയായി തോന്നുന്നില്ലെന്ന് കണ്ടക്ടർ ആക്ഷേപിച്ചതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

‘ബസിൽ കയറി. ടിക്കറ്റ് നൽകാൻ കണ്ടക്ടർ എത്തിയപ്പോൾ തനിക്ക് ഒപ്പമുണ്ടായിരുന്ന നാലുപേർക്ക് ടിക്കറ്റ് കൊടുത്തു. എനിക്കുമാത്രം ടിക്കറ്റ് തന്നില്ല. പെൺകുട്ടിയാണെന്ന് പറഞ്ഞിട്ടും കണ്ടക്ടർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. പെൺകുട്ടിയാണെന്ന് പലവട്ടം പറഞ്ഞപ്പോൾ- നീ പെൺകുട്ടിയാണെന്നുള്ളതിന് എനിക്ക് എന്താണ് ഉറപ്പ്. നിന്റെ ഡ്രസ്സ് ഊരിയൊന്നും നോക്കാൻ പറ്റില്ലല്ലോ. നെഞ്ചത്ത് എഴുതി ഒട്ടിച്ചുവെക്കണം എന്നൊക്കെ കണ്ടക്ടർ പറഞ്ഞതായും പെൺകുട്ടി കൂട്ടിച്ചേർത്തു. പെൺകുട്ടിയാണെന്ന് ഇവളെ എങ്ങനെയാണ് കണ്ടാൽ മനസ്സിലാകുക എന്ന് ചോദിച്ച് മറ്റുള്ളവരെ വിളിച്ച് തന്നെ കണ്ടക്ടർ ചൂണ്ടിക്കാണിച്ചെന്നും പെൺകുട്ടി പറഞ്ഞു. കുട്ടികളോട് സംസാരിക്കാൻ പാടില്ലാത്ത ഭാഷയിലാണ് കണ്ടക്ടർ സംസാരിച്ചത്. തുടർന്ന് ഇറങ്ങേണ്ട സ്റ്റോപ്പിന് മുൻപേയിറങ്ങി. അപ്പോൾ ഡ്രൈവർ ബസ് അരികത്തേക്ക് ചേർത്തിട്ടുകൊടുത്ത് കണ്ടക്ടർക്ക് ചീത്ത പറയാനുള്ള അവസരമൊരുക്കിക്കൊടുത്തു. തുടർന്ന് അവിടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. അവിടെ കണ്ടുനിന്നവരും ബസിലുണ്ടായിരുന്നവരും ഒന്നും പ്രതികരിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു.

പറവൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് എറണാകുളത്തേക്ക് പോയ ബസിലാണ് സംഭവം. വള്ളുവള്ളിയിലേക്ക് പോകാനാണ് പെൺകുട്ടികൾ ബസിൽ കയറിയത്. യാത്രക്കാരിൽ ചിലരും കണ്ടക്ടറോടൊപ്പംകൂടി പെൺകുട്ടിയെ അവഹേളിച്ചതായി പരാതിയിലുണ്ട്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ദൃശ്യം വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!