എം.എ. ബേബിക്ക് എം.വി.ആർ. പുരസ്കാരം; അവാർഡ് പ്രതിപക്ഷ ഐക്യത്തിനായുള്ള പോരാട്ടത്തിന്
കണ്ണൂർ: എം.വി. രാഘവന്റെ സ്മരണയ്ക്കായുള്ള 2026-ലെ എം.വി.ആർ. പുരസ്കാരം സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിക്ക്. എം.വി.ആർ. മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പാട്യം രാജൻ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തിനായി എം.എ. ബേബി നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് അറിയിച്ചു.
നവംബർ ഒൻപതിനാണ് എം.വി.ആർ. ദിനം ആചരിക്കുന്നത്. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ചടങ്ങ് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. രാജതന്നെ പുരസ്കാര വിതരണവും നിർവഹിക്കും. ‘പ്രതിപക്ഷ ഐക്യം; ഇടതുപക്ഷത്തിന്റെ നേതൃപരമായ പങ്ക്’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയർമാൻ പാട്യം രാജൻ അധ്യക്ഷത വഹിക്കും. സമ്മേളനത്തിനുശേഷം എം.എ. ബേബിയും ഡി. രാജയും വിദ്യാർഥികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
പ്രതിപക്ഷ ഐക്യത്തിനായി സെപ്റ്റംബർ 23-ന് എം.എ. ബേബി അയച്ച കത്തിനോട് അതിവേഗമാണ് എൻ.ഡി.എ. ഇതര രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചതെന്ന് ട്രസ്റ്റ് നിരീക്ഷിക്കുന്നു. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ., എ.എ.പി. തുടങ്ങിയ പാർട്ടികളെ മാനസികമായി അടുപ്പിക്കാൻ ബേബിക്കു കഴിഞ്ഞു. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഉൾപ്പെടെയുള്ള പൗരസംഘടനകളുമായി ആശയവിനിമയം നടത്തുന്നതിലും സി.പി.എം. മുൻകൈയെടുത്തതായും ട്രസ്റ്റ് ചൂണ്ടിക്കാട്ടി.
ഒക്ടോബർ 13-ന് ചേർന്ന ഇന്ത്യ മുന്നണി യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു പുറമേ പൗരസംഘടനകളെയും ഒപ്പം ചേർക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് എം.എ. ബേബിയാണ്. ഈ നിർദേശം പരിഗണിച്ചുകൊണ്ടാണ് ഇന്ത്യ മുന്നണിയുടെ പോരാട്ടങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ള സിവിൽ സമൂഹ കൂട്ടായ്മകളെയും ഒപ്പംചേർക്കാൻ കഴിഞ്ഞത്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള ഉജ്വല പോരാട്ടമാണ് എം.എ. ബേബി നടത്തുന്നതെന്നും എം.വി.ആർ. ട്രസ്റ്റ് വിലയിരുത്തി.
വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ പാട്യം രാജൻ, പ്രൊഫ. ഇ. കുഞ്ഞിരാമൻ, സി.വി. ശശീന്ദ്രൻ, പി.വി. വത്സൻ, അവിനാഷ് ഗിരിജ എന്നിവർ പങ്കെടുത്തു.
