മുട്ടിൽ മരംമുറി കേസ്: വനംവകുപ്പിന്റെ കുറ്റപത്രം മടക്കി ബത്തേരി കോടതി

Share our post

കൽപറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കുറ്റപത്രം നൽകുന്നതിലുണ്ടായ കാലതാമസം വ്യക്തമാക്കുന്ന രേഖ കുറ്റപത്രത്തോടൊപ്പം ഇല്ലെന്നതും മറ്റ് സാങ്കേതിക പിഴവുകളുമാണ് കാരണം. പുതുക്കിയ കുറ്റപത്രം വീണ്ടും സമർപ്പിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ തടികൾ എറണാകുളം കരിമുകളിൽനിന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് ഇപ്പോൾ വനംവകുപ്പ് കുറ്റപത്രം നൽകിയത്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന ഈ വഞ്ചനാ കേസിൽ വനംവകുപ്പ് കുറ്റംപത്രം നൽകിയിട്ടില്ലായെന്ന വാദം പ്രതികൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് തിരക്കിട്ട് ഈ ഒരു കേസിൽ വനംവകുപ്പ് കുറ്റപത്രം നൽകിയത്.

ഇതാദ്യമായല്ല മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പിന് വീഴ്ച സംഭവിക്കുന്നത്. മുറിച്ചെടുത്ത തടികൾ വനംവകുപ്പ് നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതിനെതിരെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കൽപറ്റ കോടതിയെ സമീപിച്ചപ്പോൾ തടികൾ പ്രതികളുടേതെന്ന് തെളിയിക്കാൻ യാതൊരു തെളിവും ഹാജരാക്കിയില്ലെന്ന് കാണിച്ച് ഹർജി തള്ളി. തടി സർക്കാരിന്റെതാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇവിടെ കൃത്യമായി വിവരം എത്തിക്കുന്നതിൽ വനംവകുപ്പിന് വീഴ്ചപറ്റി. ഇതോടെ തടികൾ കണ്ടുകെട്ടുന്ന നടപടി കോടതി സ്റ്റേ ചെയ്തു.

അതേസമയം, പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രധാന കുറ്റംപത്രം നൽകിയിരിക്കുന്നത്. 45 കേസുകളിലായി ആയിരത്തിലധികം പേജുള്ള കുറ്റപത്രം 2023-ൽ ആണ് സമർപ്പിച്ചത്. ഇതിൽ വിചാരണ നടപടികൾ തുടങ്ങാനിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!