റേഷൻ കാർഡ് തരംമാറ്റൽ തുടങ്ങി; ആദായനികുതി അടയ്ക്കുന്നവരും ഉയർന്ന വരുമാനക്കാരും പുറത്തേക്ക്

Share our post

പാലക്കാട്: ആദായനികുതി റിട്ടേൺ നൽകുന്ന വ്യക്തികൾ ഉൾപ്പെട്ട റേഷൻകാർഡുകളുടെ പരിശോധനയും തരംമാറ്റൽ നടപടികളും തുടങ്ങി. മുൻഗണനാവിഭാഗം (മഞ്ഞ-എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരോ വാർഷികവരുമാനം നിശ്ചിത പരിധിയിൽ കൂടുതലുള്ളവരോ ആണെന്ന് കണ്ടെത്തിയവരെയാണ് വെള്ളക്കാർഡിലേക്ക് തരം മാറ്റുന്നത്.

നികുതിറിട്ടേൺ നടപടികളിൽ വ്യക്തികളുടെ ആധാർനമ്പർ ലിങ്ക് ചെയ്തിട്ടുള്ള പാൻകാർഡ് ഉപയോഗിക്കുന്നതിനാൽ ഈ വിവരങ്ങൾ സിവിൽസപ്ലൈസ് വകുപ്പിന്റെ ഐ.ടി. സെല്ലിന് കൈമാറിയിട്ടുണ്ട്. ഈ ഡേറ്റയിൽനിന്നാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് മുൻഗണനാ വിഭാഗത്തിൽപ്പെട്ട അനർഹരുണ്ടോയെന്ന് പരിശോധിച്ചത്. വാർഷികവരുമാനം മൂന്നുലക്ഷത്തിനുമുകളിൽ ഉണ്ടെന്ന് കണ്ടെത്തിയവരുടെ വിവരങ്ങൾ സപ്ലൈ ഓഫീസുകൾക്ക് കൈമാറിയിരുന്നു. ഇതോടൊപ്പം ഭൂമി, വാഹനം, വായ്പകൾ, ജി.എസ്.ടി. രജിസ്ട്രേഷൻ, ഇ.പി.എഫ്.ഒ. തുടങ്ങി പത്തിലധികം മേഖലകളിലെ വിവരങ്ങൾ പരിശോധിച്ചാണ് അനർഹരെ കണ്ടെത്തുന്നത്. ഈ വ്യക്തികളെ ഫോണിൽ വിളിച്ച് പുനഃപരിശോധന നടത്തിയാണ് റേഷൻകാർഡ് തരം മാറ്റുന്നത്.

വിവാഹിതരായ, സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ള പലരും ഇപ്പോഴും റേഷൻകാർഡ് വേർതിരിക്കാത്തവരാണ്. വീടുമാറി താമസിക്കുന്നവരും ദൂരസ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവരുമടക്കം കൂട്ടുകുടുംബ റേഷൻകാർഡ് വേർതിരിക്കാൻ ശ്രദ്ധിക്കാറില്ല. ഇതിനാൽ കാർഡിലുൾപ്പെട്ട അർഹരായ മറ്റംഗങ്ങൾക്കും റേഷൻ ആനുകൂല്യം നഷ്ടമാകുന്നുണ്ട്.

നികുതിറിട്ടേൺ സമർപ്പിച്ചവർ റേഷൻകാർഡ് വേർതിരിച്ച് മറ്റംഗങ്ങളുടെ ആനുകൂല്യം നിലനിർത്താം. അതിന്‌ കഴിയാത്തവരാണെങ്കിൽ വെള്ളക്കാർഡിലേക്ക് തരംമാറ്റാം. വരുമാനമുള്ള മക്കളുണ്ടെങ്കിലും രക്ഷിതാക്കളെ സംരക്ഷിക്കാത്തവരുണ്ടാവാം. സിവിൽ സപ്ലൈസ് വകുപ്പിൽനിന്ന് ഫോണിൽ ബന്ധപ്പെടുമ്പോൾ ഇക്കാര്യം ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പിക്കും. നിശ്ചിത സമയംകഴിഞ്ഞിട്ടും തെറ്റായവിവരങ്ങൾ നൽകി മുൻഗണനാ കാർഡിൽ തുടരുകയാണെങ്കിൽ നിയമനടപടി നേരിടേണ്ടിവരും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!