ജില്ലയിൽ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്ത് സ്ക്വാഡുകള്‍; 6.25 ലക്ഷം രൂപ പിഴ ചുമത്തി
കണ്ണൂർ : ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലയിലെ പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ആഗസ്ത് 28 മുതല്‍ സപ്തംബര്‍ 18 വരെയുള്ള കാലയളവില്‍ കോര്പ്പറേഷന് പരിധിയില്‍ 32 ഉം, മുനിസിപ്പാലിറ്റി പരിധിയില്‍ 40 ഉം, പഞ്ചായത്ത് പരിധിയില്‍ 53 ഉം അനധികൃത ബോര്‍ഡ്, ബാനര്‍ മുതലായവ സ്ക്വാഡ് പരിശോധനയില്‍ കണ്ടെത്തി. കോര്‍പ്പറേഷനില്‍ 1.6 ലക്ഷം രൂപയും, മുനിസിപ്പാലിറ്റികളില്‍ 2 ലക്ഷം രൂപയും, പഞ്ചായത്തുകളില്‍ 2.65 ലക്ഷം രൂപയും അടക്കം 6.25 ലക്ഷം രൂപ പിഴ ചുമത്തി.
പഞ്ചായത്ത് തലത്തില്‍ ഒരു സ്ക്വാഡ് വീതവും ക്ലീന്‍ സിറ്റി മാനേജറുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി തലത്തില്‍ രണ്ട് സ്ക്വാഡ് വീതവും കോര്‍പ്പറേഷനില്‍ സോണല്‍ തലത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചുമാണ് പരിശോധന നടത്തുന്നത്. ജില്ലയില്‍ പൊതുയിടങ്ങളിലെ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ മുതലായവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ബോര്‍ഡ് ഒന്നിന് 5000 രൂപ വീതം പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
