കേന്ദ്രസർക്കാരിൻ്റെ പുതിയ നിയമം തുണയായി; പഴയ സ്വർണത്തിന് ആവശ്യമേറി, ‘ഓഫറു’കളുമായി ജൂവലറികൾ
എടപ്പാൾ: സ്വർണം വാങ്ങുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ചട്ടം അനുകൂലമായതിനാൽ ജൂവലറികളിൽ പഴയ സ്വർണം വാങ്ങാനുള്ള മത്സരം കടുക്കുന്നു. മറ്റു ജൂവലറികളിലെ സ്വർണം വാങ്ങാൻ മടിച്ചിരുന്ന കടകളുൾപ്പെടെയിപ്പോൾ ഏത് സ്വർണമായാലും മികച്ച വില നൽകുമെന്ന് പരസ്യം ചെയ്യുകയാണ്. സ്വർണം പണയംവെയ്ക്കുന്നതിനെക്കാൾ നല്ലത് വിൽക്കുകയാണെന്ന് പ്രമുഖതാരങ്ങളെ ഉപയോഗിച്ച് പരസ്യങ്ങൾ ചെയ്യിച്ചാണ് സാധാരണക്കാരെ വശീകരിക്കുന്നത്.
പഴയ സ്വർണം വിൽക്കുമ്പാൾ നേരത്തേ ഗ്രാമിന് 80 രൂപയാണ് ജൂവലറിക്കാർക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത് അഞ്ച് ശതമാനമാണ്. 700 രൂപയോളം വരുമിത്. ഇതിൽനിന്ന് മൂന്ന് ശതമാനം ജി.എസ്.ടി. അടച്ചാൽപ്പോലും 400 രൂപയോളം ഒരു ഗ്രാം പഴയ സ്വർണം വാങ്ങുന്ന ജൂവലറിക്കാരന് ലഭിക്കും. പവന് 3,200 രൂപയാണ് ഈ വിധത്തിൽ കിട്ടുക. അത് ഉരുക്കി പുതിയ ആഭരണമാക്കി വിറ്റാൽ കിട്ടുന്ന ലാഭം വേറെയും. ഇതാണ് പഴയ സ്വർണത്തോട് പ്രിയം കൂടാനുള്ള ഒരു കാരണം.
തങ്കത്തിന് കേരളത്തിലുള്ളതിനേക്കാൾ ഗ്രാമിന് 300 രൂപ കൂടുതലാണ് മറ്റു സംസ്ഥാനങ്ങളിൽ. ഇവിടെ വാങ്ങുന്ന പഴയ സ്വർണം തങ്കമാക്കി നിയമാനുസൃതം നികുതിയടച്ച് മറ്റു സംസ്ഥാനങ്ങളിൽ വിറ്റാലും ജൂവലറിക്കാർക്ക് വൻലാഭം കിട്ടും. ബ്ലാക്ക് മണി വൈറ്റാക്കി മാറ്റാനും ഇതിലൂടെ കഴിയും. പുതിയ കാലാവസ്ഥ മുതലെടുക്കാൻ പഴയ സ്വർണവുമായി വരുന്നവർക്ക് വലിയ ഓഫറുകളും പ്രമുഖ ജൂവലറിക്കാർ നൽകുന്നുണ്ട്. സ്വർണത്തിന്റെ വിലക്കയറ്റം സാധാരണക്കാരെ ജൂവലറികളിൽ നിന്നകറ്റുന്നതും പുതിയ പ്രവണതയ്ക്ക് കാരണമാണ്. മാർക്കറ്റിൽ സ്വർണത്തിന്റെ ലഭ്യത കൂട്ടാനും ഇത് വഴിവെയ്ക്കും.
