ശതാബ്ദി നിറവിലെ സ്കൂൾ മുറ്റത്ത് നൂറോർമകളുമായി പൂർവാധ്യാപക-വിദ്യാർഥി സംഗമം
കോളയാട്: ശതാബ്ദിയാഘോഷിക്കുന്ന സെയ്ന്റ് സേവിയേഴ്സ് യു.പി സ്കൂളിന്റെ മുറ്റത്ത് വീണ്ടും ആ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി. നൂറോർമ്മ 2026 പൂർവാധ്യാപക -വിദ്യാർത്ഥി കൂട്ടായ്മയുടെ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവ വിദ്യാർഥിയും ഏഷ്യൻ റോവിങ്ങ് സ്വർണ്ണ മെഡൽ ജേതാവുമായ ഒ.സി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും കോളയാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.പ്രഹ്ലാദൻ അധ്യക്ഷനായി.
ഫാദർ ബെനഡിക്ട്, സിസ്റ്റർ തെരസ്മിന, പൂർവ വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് സണ്ണി വടക്കയിൽ, മാനേജർ സിസ്റ്റർ പാവന, കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഗിനീഷ് ബാബു, സംഘാടകസമിതി കൺവീനറും പിടിഎ പ്രസിഡന്റുമായ സജേഷ്ജി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സിസ്റ്റർ സോജിയ.കെ.ജോസഫ് എന്നിവർ സംസാരിച്ചു. 94 വയസ്സുള്ള പൂർവ വിദ്യാർഥി ഏലിയാമ്മ , 91 വയസ്സുള്ള മേരി തോമസ് എന്നിവരെയും മുതിർന്ന അധ്യാപിക സിസ്റ്റർ തെരസ്മിനയെയും ആദരിച്ചു
