സതീശൻ സർക്കാരിലെ മന്ത്രിമാർ ട്രിപ്പ് മൂഡിലോ? വിദേശയാത്രകൾ അധികവും സ്വകാര്യ സന്ദർശനങ്ങളെന്ന് വിശദീകരണം

Share our post

തിരുവനന്തപുരം: അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ വിദേശ ട്രിപ്പില്‍. സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് മിക്ക മന്ത്രിമാരും വിദേശ യാത്ര നടത്തുന്നത്. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയിലാണ്. കായിക മന്ത്രി ഒ ജെ ജനീഷും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അടുത്തിടെയായിരുന്നു വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത്. മന്ത്രി പി സി വിഷ്ണുനാഥും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിദേശ യാത്ര നടത്തിയിരുന്നെങ്കിലും അത് ഔദ്യോഗിക യാത്രകളായിരുന്നു.

വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാല് മാസം പിന്നിടുന്നതേയുള്ളൂ. ഇതിനിടെയാണ് മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം. ഭൂരിഭാഗം പേരുടെയും സ്വകാര്യ സന്ദര്‍ശനമാണെന്നാണ് വിശദീകരണം. മന്ത്രി കെ എം ഷാജി ബള്‍ഗേറിയയില്‍ തുടരുകയാണ്. ആഡംബര വാഹന വിവാദമുയര്‍ന്നപ്പോള്‍ ഫേസ്ബുക്കിലൂടെ അവിടെ നിന്നായിരുന്നു മന്ത്രിയുടെ പ്രതികരണം വന്നത്. മന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്തിടെയായിരുന്നു മന്ത്രി ഒ ജെ ജനീഷിന്റെ കുടുംബ സമേതമുള്ള ഒമാന്‍ യാത്ര. ഒമാനില്‍ നിന്നുള്ള ഒരു ചിത്രം ജനീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്ര വിവാദമായിരുന്നു. രമേശ് ചെന്നിത്തലയുടേത് സര്‍ക്കാര്‍ ചെലവിലുള്ള യാത്രയാണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. വിമര്‍ശനം കനത്തതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. സുഹൃത്തിന്റെ മകൻ്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അമേരിക്കയിലെ ചിക്കാഗോയില്‍ എത്തിയതെന്നും സര്‍ക്കാര്‍ ചെലവില്‍ അല്ല യാത്രയെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം.

ഭരണം മാറി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആറ് മാസം ക്രൂഷ്യല്‍ പീരിയഡായാണ് വിലയിരുത്തുന്നത്. പെന്‍ഡിങ്ങിലുള്ള പലകാര്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫയലുകളില്‍ നീക്കുപോക്കുകള്‍ അനിവാര്യമാണ്. വകുപ്പുകളില്‍ നിര്‍ണായകമായ പല തീരുമാനങ്ങളുമെടുക്കുമ്പോള്‍ വകുപ്പുമന്ത്രിമാര്‍ സ്ഥലത്തില്ലാത്തത് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. കുറഞ്ഞുപക്ഷം ക്രൂഷ്യല്‍ പീരിയഡ് കഴിയുന്നവരെയെങ്കിലും മന്ത്രിമാര്‍ സ്ഥലത്തുണ്ടാകണമെന്നാണ് ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!