നിഷാദ് മണത്തണ പകർത്തിയ ശലഭങ്ങൾ ഇണചേരുന്ന ചിത്രം അന്താരാഷ്ട്ര ജേണലിൽ

Share our post

പേരാവൂർ:പരിസ്ഥിതി പ്രവർത്തകനും ശലഭ നിരീക്ഷകനുമായ നിഷാദ് മണത്തണ പകർത്തിയ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ശലഭങ്ങൾ ഇണചേരുന്ന ചിത്രങ്ങൾ അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചു. 2023 ഒക്ടോബർ 15-ന് കണ്ടെത്തി പകർത്തിയ ചിത്രമാണ് സയൻസ് ജേണലായ ‘ജേണൽ ഓഫ് ത്രെട്ടന്റ് ടെക്‌സ’ യുടെ 2026-ലെ ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

വ്യത്യസ്തമായ രണ്ടു ജനുസുകളിലുൾപ്പെടുന്ന രണ്ട് സ്പീഷീസുകൾ തമ്മിൽ ഇണചേരുന്നത് അത്യപൂർവമാണ്. അത്തരമൊരു അത്യപൂർവമായ നിരീക്ഷണമായിരുന്നു നിഷാദ് പകർത്തിയത്. പേഴാളനും  ഒറ്റവരയൻ സർജിയന്റ് ശലഭവും ഇണചേരുന്ന കാഴ്ചയായിരുന്നു അത്. ശാസ്ത്ര ലോകത്ത് ഇന്നുവരെ ഈ സ്‌പെഷീസുകൾ ഇങ്ങനെ ശ്രമിക്കുന്നു എന്നതിന് ഒരു തെളിവുമില്ലായിരുന്നു.

നിഷാദ് പകർത്തിയ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടുത്തി ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ് പ്രഫസർ ആയ കെ.എം.ഹനീഷാണ് ലേഖനം തയ്യാറാക്കി ജേണലിന് സമർപ്പിച്ചത്. തുടർന്ന് വിവിധ തലങ്ങളിൽ പരിശോധനകളും ശാസ്ത്ര ലോകത്ത് മറ്റെവിടെയും ഇത്തരത്തിൽ കണ്ടെത്തിയിട്ടില്ല എന്നും ഉറപ്പാക്കിയാണ് ഇവ പ്രസിദ്ധീകരിച്ചത്. ഹരിത കേരളം മിഷന്റെ ‘മാപ്പത്തോൺ’ പദ്ധതി പ്രവർത്തനങ്ങൾക്കിടെ കണ്ണൂർ പാട്യം പഞ്ചായത്തിലെ വലിയവെളിച്ചത്തു നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയത്.

36-ാം വയസിലാണ് നിഷാദ്  പൂമ്പാറ്റകളെ  നിരീക്ഷിച്ചു തുടങ്ങിയത്. ഇതിനോടകം ആയിരക്കണക്കിന് ശലഭങ്ങളുടെ ഫോട്ടോകളും 200-നടുത്ത് ഇനങ്ങളെയും കാമറയിൽ പകർത്തിയിട്ടുണ്ട്. 2025-ൽ ശലഭ നിരീക്ഷകൻ ടി.ജി.വിമൽകുമാറുമായി ചേർന്ന് കേളകം പഞ്ചായത്തിലെത്തിച്ചേരുന്ന പൂമ്പാറ്റകളെ ക്യാമറയിൽ പകർത്തി. കണ്ടെത്തിയ 167 ഇനം ഉൾപ്പെടുത്തി പഞ്ചായത്തും ഹരിതകേരളം മിഷനും ചേർന്ന് ‘ഓക്കില’ എന്ന പേരിൽ പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചിരുന്നു. പേരാവൂർ കൊട്ടംചുരം സ്വദേശിയാണ് നിഷാദ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!