അറിയാതെ വന്നുകിടക്കുന്ന ട്രാഫിക് ചലാനുകൾ പോക്കറ്റ് കീറുമോ? ഈ ഏഴ് ആപ്പുകൾ ഫോണിലുണ്ടെങ്കിൽ പേടിക്കേണ്ട!
എഐ ക്യാമറകളും ട്രാഫിക് പൊലീസ് സംവിധാനങ്ങളുമെല്ലാം ഉണ്ടായിട്ടും അനുദിനം കുതിച്ചുയരുകയാണല്ലോ ട്രാഫിക് ചലാനുകള്‍. സിസിടിവി ക്യാമറകളും, എത്ര തിരക്കുള്ള റോഡുകളിലും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചതിന് പിന്നാലെ വന്‍കുതിപ്പാണ് ട്രാഫിക് ലംഘനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. റോഡുകളില്‍ കാത്തുനില്‍ക്കുന്ന ട്രാഫിക് പൊലീസുകാരുടെ കണ്ണുവെട്ടിച്ചാല്‍ ഫൈനുകളില്‍ നിന്നും മറ്റ് നടപടിക്രമങ്ങളില്‍ നിന്നും വഴുതിപ്പോരാനാകുമായിരുന്നു പണ്ടുകാലങ്ങളില്‍. എന്നാൽ, ഇന്നത് അത്ര എളുപ്പമല്ല. അഥവാ, ട്രാഫിക് പൊലീസിന്റെ കണ്ണുവെട്ടിച്ചാലും നിങ്ങള്‍ക്കുള്ള ചലാന്‍ നിങ്ങളെ തേടിയെത്തുമെന്ന് ചുരുക്കം.
പല ആവശ്യങ്ങള്‍ക്കുമായി നിത്യവും നിരത്തിലിറക്കാറുണ്ടെങ്കിലും, തങ്ങളുടെ വാഹനത്തിന്റെ പേരില്‍ എത്ര ചലാനുകള്‍ വന്നുകിടപ്പുണ്ടെന്ന് അധികപേര്‍ക്കും അറിഞ്ഞോളണമെന്നില്ല. ഇത് എങ്ങനെയാണ് നോക്കുകയെന്നതിലെ അജ്ഞതയാണ് ഇതിന്റെ പ്രധാന കാരണം. ചലാനുകള്‍ക്ക് മീതെ ചലാനുകള്‍ വന്നുകിടക്കുമ്പോഴും പൊലീസ് പിടികൂടുമ്പോഴുമായിരിക്കും അധികപേര്‍ക്കും ബോധോദയമുണ്ടാവുക. അപ്പോഴേക്കും ഒരുപാട് വൈകിയിട്ടുമുണ്ടാകും. സര്‍ക്കാര്‍ അംഗീകൃത ട്രാഫിക് ചലാന്‍ ചെക്കിങ് ആപ്ലിക്കേഷന് പുറമെയുള്ള ഏതാനും ആപ്ലിക്കേഷനും വെബ്‌സൈറ്റുകളുമേതെല്ലാമെന്ന് പരിശോധിക്കാം.
1. ഒഫീഷ്യല്‍ ഇ-ചലാന്‍ പോര്‍ട്ടല്‍(OFFICIAL ECHALLAN PORTAL); റോഡ് ട്രാന്‍സ്‌പോര്‍ട്ട്&ഹൈവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇ-ചലാന്‍ പോര്‍ട്ടലാണ് കൂട്ടത്തില്‍ പ്രമുഖന്‍. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ കയറിക്കഴിഞ്ഞാല്‍ ഇഷ്ടാനുസരണം ചലാന്‍ വിശദാംശങ്ങളും ഡ്രൈവിങ് ലൈസന്‍സ് ഡീറ്റെയില്‍സുകളും ഇതില്‍ കാണാനാകും. ചലാന്‍ നമ്പര്‍, നിയമലംഘനം, തീയതി, ലൊക്കേഷന്‍, ഫൈനടക്കേണ്ടുന്ന തുക എന്നിവയെല്ലാം ഇവിടെ കാണാനാകും.
ഉപയോക്താവിന് പോര്‍ട്ടല്‍ വഴി പേയ്‌മെന്റ് നടത്താനുള്ള സംവിധാനവുമുണ്ടെന്നതാണ് ഇ-ചലാന്‍ പോര്‍ട്ടലിന്റെ സവിശേഷത. അതേസമയം, ഈ ആപ്ലിക്കേഷന്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്ന സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അജ്ഞാതമായ എസ്എംഎസ് ലിങ്കുകളിലോ വാട്‌സ്ആപ്പ്, ഇമെയില്‍ സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകുന്നതിന് പകരം ഔദ്യോഗിക ആപ്പ് വഴി മാത്രം മുന്നോട്ടുപോകാം.
2. നെക്സ്റ്റ്‌ജെന്‍ എം-പരിവാഹന്‍ (NEXTGEN MPARIVAHAN); നാഷണല്‍ ഇന്‍ഫോര്‍മറ്റിക്‌സ് സെന്റര്‍ രൂപംനല്‍കുകയും സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നെക്സ്റ്റ്‌ജെന്‍ എം-പരിവാഹനാണ് മറ്റൊരു ആപ്ലിക്കേഷന്‍. ആന്‍ഡ്രോയിഡ്-ഐഫോണുകളിലുമെല്ലാം ഇത് ലഭ്യമാണ്.
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഡീറ്റെയില്‍സ്, ഡിജിറ്റല്‍ രേഖകള്‍, മറ്റ് ഗതാഗത സര്‍വീസുകള്‍ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷനില്‍ ഉപയോക്താവിന് ലഭ്യമാകും. വാഹനത്തിന്റെ നമ്പറും ഡീറ്റെയില്‍സും ലഭ്യമാകുന്ന പക്ഷം ചലാന്‍ സംബന്ധമായ വിവരങ്ങളും ലഭിക്കും. വാഹനത്തിന്റെ ചലാനും രജിസ്‌ട്രേഷനും സംബന്ധിച്ചതും മറ്റ് പല കാര്യങ്ങള്‍ക്കുമായി രാജ്യത്തുടനീളമുള്ളവര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണെങ്കിലും, സുപ്രധാന ചലാന്‍ ഡീറ്റെയില്‍സുകള്‍ ഒന്നിലധികം തവണ ക്രോസ് ചെയ്തതിന് ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
3. കാര്‍സ്24(CARS24); ട്രാഫിക് ചലാനുകളുടെ വിശദാംശങ്ങള്‍ അറിയുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമായി നിരവധി പേര്‍ ഉപയോഗിക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് കാര്‍സ്24. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഒടിപി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടിവന്നേക്കാം. ഇതുവഴി നേരത്തെ അടച്ചുതീര്‍ത്തതും ഇനി അടക്കാനുള്ളതുമായ ചലാനുകള്‍ ഏതെല്ലാമാണെന്ന് അറിയാകാനാകും.
പുതുതായി വന്നുകിടക്കുന്ന ചലാനുകള്‍ അടക്കാനുള്ള പേയ്‌മെന്റ് സംവിധാനം ഈ ആപ്പിലുണ്ടെങ്കിലും ഫൈനല്‍ തീരുമാനത്തിലെത്തുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ ഔദ്യോഗിക സിസ്റ്റങ്ങളെ കൂടി ആശ്രയിക്കുന്നത് നന്നായിരിക്കും.
4. സ്പിന്നി(SPINNY); യൂസ്ഡ് കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ആപ്പെന്ന രീതിയിലാണ് സ്പിന്നി ജനപ്രീതി നേടിയിട്ടുള്ളത്. അതേസമയം, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കൃത്യമായി ചേര്‍ത്തുകൊടുക്കുന്നതിലൂടെ ഇവിടെയും ചലാന്‍ ഡീറ്റെയില്‍സുകള്‍ അറിയാനാകും. നിയമലംഘനം, തീയതി, ഫൈന്‍ തുക എന്നിവയെല്ലാം ഇതില്‍ കാണാനാകും.
5. പാര്‍ക്ക്+(PARK+); പാര്‍ക്കിങ്, ഫാസ്ടാഗ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയവയോടൊപ്പം ചലാന്‍ ഡീറ്റെയില്‍സുകളും ലഭ്യമാക്കുന്ന പ്രമുഖ ആപ്പുകളിലൊന്നാണ് ഇത്. ഫോണ്‍ നമ്പറും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും നല്‍കിയാല്‍ ഇവിടെയും ചലാന്‍ ഡീറ്റെയില്‍സുകള്‍ മുഴുവനും കാണാനാകും. പേയ്‌മെന്റ് നടത്തുന്നതിന് മുന്‍പായി നിയമലംഘനത്തിന്റെ വിശദാംശങ്ങള്‍, ഫൈന്‍ തുക, ഈടാക്കിയ അധികൃതര്‍ തുടങ്ങിയവ ഉപയോക്താക്കള്‍ സസൂക്ഷ്മം ശ്രദ്ധിച്ച് ഉറപ്പുവരുത്തണം. എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പങ്ങളോ മറ്റോ തോന്നുന്നെങ്കില്‍ തീര്‍ച്ചയായും മറ്റ് ആധികാരിക സംവിധാനങ്ങളുടെ സഹായത്തോടെ ക്രോസ് ചെക്ക് ചെയ്യേണ്ടിയിരിക്കുന്നു.
ആക്കോ(ACKO)&കാര്‍ഇന്‍ഫോ(CARINFO); വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കിയാല്‍ ട്രാഫിക് ചലാന്‍ വിശദാംശങ്ങളെല്ലാം നല്‍കുന്ന ആപ്പുകളാണ് ഇവ രണ്ടും. മുന്‍പ് അടച്ചതും ഇനി അടക്കാനുള്ളതുമായ വിവരങ്ങളും ഇവയിലൂടെ അറിയാനാകും. ഒരു പ്രൈവറ്റ് ആപ്പില്‍ ചലാന്‍ കാണിക്കുകയാണെങ്കിലും, പണം അടയ്ക്കുന്നതിന് മുന്‍പ് ഉപയോക്താക്കള്‍ ഔദ്യോഗിക ഇ-ചലാന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. വാഹനത്തിന്റെ നമ്പര്‍, ചലാന്‍ നമ്പര്‍, കുറ്റം, നല്‍കിയ അതോറിറ്റി, പിഴ തുക എന്നിവ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്.
ഔദ്യോഗിക ഇ-ചലാന്‍ സേവനങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് വെബ്സൈറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ചലാന്‍ അടയ്ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് എത്തുന്ന അപരിചിതരുമായി ഒടിപി, യുപിഐ പിന്‍, കാര്‍ഡ് പിന്‍ അല്ലെങ്കില്‍ പാസ്വേഡ് പോലുള്ള രഹസ്യ വിവരങ്ങള്‍ ഡ്രൈവര്‍മാര്‍ ഒരിക്കലും പങ്കുവെക്കരുത്. ചലാനുകള്‍ പരിശോധിക്കുന്നത് എളുപ്പമാക്കാന്‍ പ്രൈവറ്റ് ആപ്പുകള്‍ക്ക് സാധിച്ചേക്കുമെങ്കിലും, ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനമാണ് ഏറ്റവും പ്രധാനപ്പെട്ട പരിശോധനാ മാര്‍ഗം. വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ഏറ്റവും ലളിതമായ വഴി, ആപ്പുകള്‍ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിച്ച ശേഷം ഔദ്യോഗിക ഇ-ചലാന്‍ പ്ലാറ്റ്ഫോം വഴി ചലാനും പേയ്മെന്റ് വിവരങ്ങളും സ്ഥിരീകരിക്കുക എന്നതാണ്.
