കാലടിയിലെ വിദ്യാർഥികൾക്ക് ആശ്വാസം; സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി: ‘പ്രത്യേക പരീക്ഷ നടത്തണം’
കൊച്ചി ∙ കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികളെ ക്യാംപസിൽ പ്രവേശിപ്പിക്കാനും അവർക്കായി പ്രത്യേക പരീക്ഷ നടത്താനും ഹൈക്കോടതി നിർദേശം. കുട്ടികളെ റഗുലർ ക്ലാസിൽ ഇരുത്താനും അനുമതി. സർവകലാശാല അന്വേഷണ റിപ്പോർട്ടും സസ്പെൻഷൻ നടപടികളും റദ്ദാക്കി. സർവകലാശാലയ്ക്ക് ആവശ്യമെങ്കിൽ പുതിയ അന്വേഷണം നടത്താം.
അന്വേഷണത്തിനിടെ, കുട്ടികളെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. സസ്പെൻഷൻ ചോദ്യം ചെയ്തു കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികൾ പുതുക്കി നൽകിയ ഹർജിയിലാണു വിധി.
