ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

Share our post

തിരുവനന്തപുരം: ചാറ്റ് ജിപിടിക്കോ സമാനമായ എഐ ടൂളുകൾ ഉപയോഗിച്ച് ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാൻ വേണ്ടി വരുന്നത് വിരലിൽ എണ്ണാവുന്ന നിമിഷങ്ങൾ മാത്രമാണ്. എന്നാൽ ഉപഭോക്താക്കൾ നൽകുന്ന ഓരോ പ്രോംപ്റ്റും അനുസരിച്ച് ചിത്രമുണ്ടാക്കുമ്പോൾ അത് പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതത്തേക്കുറിച്ച് അറിയാമോ? ആഗോളതലത്തിൽ എഐ അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്ന ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്നത് ദശലക്ഷക്കണക്കിന് വീടുകളിലെ വൈദ്യുതി ഉപയോഗത്തിന് സമാനമായ നിലയിലുള്ള ഊർജ്ജ ഉപഭോഗമാണ്. യുണൈറ്റഡ് നാഷൻസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് എഐ ഡാറ്റ സെന്ററുകൾ 2030ഓടെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് പാകിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിലെ ആകെ ഉപയോഗത്തിന്റെ മൂന്ന് മടങ്ങാവും എന്നാണ്. 650 ദശലക്ഷം വീടുകളിലെ ആകെ ഉപയോഗമാണ് ഈ ഊർജ്ജ ഉപഭോഗമെന്നാണ് യുഎൻ വ്യക്തമാക്കുന്ന്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ എഐ പ്രവർത്തനങ്ങൾക്കായുള്ള ജല ഉപഭോഗം കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ആവശ്യങ്ങൾക്ക് തുല്യമായി മാറും. കൂടാതെ ഇതിനായി ഉപയോഗിക്കപ്പെടുന്ന ഭൂമിയുടെ അളവ് കൂറ്റൻ മെട്രോപൊളിറ്റൻ നഗരങ്ങളുടെ വിസ്തൃതിയേക്കാൾ വലുതായിരിക്കും.

കാര്യമൊക്കെ ട്രെന്റ് തന്നെ! പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും, 80കളിലെ വിന്റേജ് വൈറൽ ട്രെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എഐ ഉപയോഗിച്ച് ഒരു ചിത്രം നിർമ്മിക്കുമ്പോൾ സംഭവിക്കുന്നത് സാധാരണ ഡിജിറ്റൽ ഫോട്ടോയെടുക്കുന്നത് പോലെയുള്ള ലളിതമായ ഒരു കാര്യവുമല്ല. ടെക്സ്റ്റ് നിർദ്ദേശങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ചിത്രം നിർമ്മിക്കാൻ കൂറ്റൻ ഡാറ്റാ സെന്ററുകളിലെ അയ്യായിരക്കണക്കിന് ഉയർന്ന ശേഷിയുള്ള ജിപിയു പ്രൊസസറുകൾ ഒരേസമയം പ്രവർത്തിക്കേണ്ടി വരുന്നുണ്ട്. എംഐടി ടെക്നോളജിയിലെ ഗവേഷകരുടെയും പഠനങ്ങൾ അനുസരിച്ച്, ഉയർന്ന ക്വാളിറ്റിയുള്ള ഒരു എഐ ചിത്രം നിർമ്മിക്കുന്നതിന് ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ ആവശ്യമായത്രയും ഊർജ്ജം ആവശ്യമായി വരുന്നുണ്ട്. കൂടാതെ, ഈ കൂറ്റൻ പ്രൊസസറുകൾ തുടർച്ചയായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ചൂട് കുറയ്ക്കുന്നതിനായി ഡാറ്റാ സെന്ററുകളിൽ വൻതോതിൽ കുടിവെള്ളം തണുപ്പിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഊർജ്ജ ഉപഭോഗത്തിന് പുറമെ അപൂർവ്വമായ ജലസ്രോതസ്സുകളുടെ നഷ്ടവും ഇതിലൂടെ സംഭവിക്കുന്നു. ഈ ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഭൂരിഭാഗം വൈദ്യുതിയും ഇപ്പോഴും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്.

പൂക്കികളായി മന്ത്രിമാരും! സർവ്വം എഐ മയം, വൈറലായി എ ഐ കാരിക്കേച്ചർ

എൺപത്തിയെട്ട് വ്യത്യസ്ത എഐ മോഡലുകളിലായി ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ, ടെക്സ്റ്റ് നിർമ്മാണം, ചിത്രങ്ങളുടെ തരംതിരിക്കൽ, ചിത്രങ്ങൾ നിർമ്മിക്കൽ തുടങ്ങിയ പത്ത് പ്രമുഖ പ്രവർത്തനങ്ങൾ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. മെഷീൻ പ്രവർത്തിക്കുമ്പോൾ ഉപയോഗിക്കുന്ന ഊർജ്ജം കണക്കാക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ ഉപകരണം ഉപയോഗിച്ചാണ് പഠനങ്ങൾ നടന്നത്.ഈ പഠനത്തിൽ ഏറ്റവും കൂടുതൽ ഊർജ്ജവും കാർബൺ ഉദ്‌വമനവും രേഖപ്പെടുത്തിയത് എഐ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയിലാണ്. സ്റ്റേബിൾ ഡിഫ്യൂഷൻ എക്സ്എൽ പോലുള്ള ശക്തമായ മോഡലുകൾ ഉപയോഗിച്ച് ആയിരം ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ്, സാധാരണ പെട്രോൾ കാറിൽ ഏകദേശം നാല് മൈലിലധികം(ഏകദേശം 6.44 കിലോമീറ്റർ) ദൂരം യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന കാർബൺ പുറന്തള്ളലിന് തുല്യമാണ്. ഇതുമൂലം ലളിതമെന്ന് തോന്നുന്ന ചിത്രത്തിന്റെ നിർമ്മാണം പോലും അന്തരീക്ഷത്തിലേക്ക് വലിയ തോതിൽ കാർബൺ പുറം തള്ളുന്നതിന് കാരണമാകുന്നുണ്ട്. ട്രെൻഡുകളുടെ പിന്നാലെ പോയി മനോഹരമായ ഒരു ചിത്രം എഐ വഴിയുണ്ടാക്കുന്നത് ഹാനികരമല്ലെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിലെ ഡിജിറ്റൽ കാർബൺ പാദമുദ്ര ഒട്ടും നിസാരമല്ലെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.

എഐ അടിസ്ഥാന സൗകര്യങ്ങളുടെ പരിസ്ഥിതി ആഘാതങ്ങൾ ലോകമെമ്പാടും ഒരുപോലെയല്ല അനുഭവപ്പെടുന്നത്. സാങ്കേതികവിദ്യയുടെ പ്രയോജനം ആഗോളതലത്തിൽ ലഭ്യമാകുമ്പോഴും അതിന്റെ പരിസ്ഥിതി ആഘാതവും ചെലവുകളും ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു. ചില രാജ്യങ്ങളിൽ ദേശീയ വൈദ്യുതോപയോഗത്തിന്റെ വലിയൊരു ഭാഗം ഡാറ്റാ സെന്ററുകൾ കവർന്നെടുക്കുമ്പോൾ, കടുത്ത വരൾച്ചയുള്ള പ്രദേശങ്ങളിൽ പോലും ഇവ വൻതോതിൽ കുടിവെള്ളം ഊറ്റിയെടുക്കുന്നു. കൂടാതെ, ഉയർന്നുവരുന്ന അനാവശ്യ ഇ-മാലിന്യങ്ങളുടെ ഭാരം സുരക്ഷിതമായി മാലിന്യ സംസ്കരണം നടത്താൻ ശേഷിയില്ലാത്ത സാമ്പത്തികമായി പിന്നാക്കെ നിൽക്കുന്ന രാജ്യങ്ങളിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

നിലവിൽ എഐ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ കമ്പ്യൂട്ടിംഗ് ശേഷിയുടെ തൊണ്ണൂറ് ശതമാനത്തിലധികവും അമേരിക്കയിലും ചൈനയിലും മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. നൂറ്റമ്പതിലധികം രാജ്യങ്ങൾക്ക് സ്വന്തമായി കാര്യമായ എഐ അടിസ്ഥാന സൗകര്യങ്ങളില്ല. സാമ്പത്തിക അവസരങ്ങൾ നിഷേധിക്കപ്പെടുകയും എന്നാൽ മറ്റുള്ളവരുടെ സാങ്കേതിക വളർച്ചയ്ക്കായി സ്വന്തം നാടിന്റെ പരിസ്ഥിതി നശിപ്പിക്കപ്പെടുകയും ചെയ്യുന്ന കടുത്ത അനീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾ അനാവശ്യമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് പഠനങ്ങൾ വിശദമാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!