‘സർക്കാരിനെ തൃപ്തിപ്പെടുത്താൻ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്താൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും’

Share our post

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവന്‍കുട്ടി. എസ്എഫ്‌ഐയെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യങ്ങളിലൊന്നാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കേസെടുക്കുന്നതില്‍ ചില നിയമങ്ങളുണ്ട്. സര്‍ക്കാരിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്താല്‍ ഗുരുതര ഭവിഷ്യത്തായിരിക്കും നേരിടേണ്ടി വരിക. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

എസ്എഫ്‌ഐ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടാണ്. തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത കേസുകള്‍ പരിശോധിച്ചാല്‍ 75 ശതമാനവും വധശ്രമത്തിനാണെന്ന് വ്യക്തമാകും. ഇതെല്ലാം കള്ളക്കേസാണ്. നിയമാനുസരണമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത സംഭവ വികാസങ്ങളാണ് തലസ്ഥാനത്ത് ഉണ്ടായതെന്നും ശിവന്‍കുട്ടി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസും പൊലീസും ചേര്‍ന്ന് സംയുക്തമായാണ് ആക്രമണം നടത്തിയത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് നോക്കി നിന്നു. ഒരു നടപടിയും സ്വീകരിച്ചില്ല. വാര്‍ഡന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുവാദമില്ലാതെയാണ് പൊലീസ് ഹോസ്റ്റലില്‍ കയറി മര്‍ദിച്ചതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. യുദ്ധം നടക്കുന്ന ഇടത്ത് പോലും ചികിത്സ നല്‍കാറുണ്ട്. ഇവിടെ ചികിത്സയ്ക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ പോലും കോണ്‍ഗ്രസ് തടഞ്ഞുവെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു. സംഘര്‍ഷത്തില്‍ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെയായിരുന്നു യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ സംഘര്‍ഷമുണ്ടായത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ഒടുവില്‍ വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സമരക്കാര്‍ തീപ്പന്തം അടക്കം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഹോസ്റ്റര്‍ കോമ്പൗണ്ടില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുപക്ഷവും പരസ്പരം കല്ലേറ് നടത്തി. ഇതിനിടെ പൊലീസ് ഹോസ്റ്റലില്‍ പ്രവേശിക്കുകയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവരെ മര്‍ദിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!