സാംപിളുകൾ അയച്ച് അംഗങ്ങളെ കൂട്ടി, 250 മുതൽ 500 രൂപ വരെ വാങ്ങി പെയ്ഡ് ഗ്രൂപ്പ്; ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കി

Share our post

കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കാണാൻ ടെലിഗ്രാമിൽ ‘പെയ്ഡ്’ വാതിൽ തുറന്നത് കേസിൽ രണ്ടാമതായി അറസ്റ്റിലായ പ്രതിയെന്ന് പോലീസ്. കേസിൽ അറസ്റ്റിലായ മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജ് വിദ്യാർഥി സനീഷ് (20) ടെലിഗ്രാം പെയ്ഡ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നുവെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചു. 250 മുതൽ 500 രൂപ വരെ ഈടാക്കി അംഗങ്ങളെ ചേർത്ത ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പോലീസ് കണ്ടെത്തി.

കേസിൽ ആദ്യം അറസ്റ്റിലായ ഭാരതമാതാ കോളജിലെ ബി.ബി.എ. വിദ്യാർഥി എസ്. ശ്രീഹരി നൽകിയ അധ്യാപകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം ശ്രീഹരിയും സനീഷും മറ്റ് മൂന്ന് പേരും ഉൾപ്പെട്ട ടെലിഗ്രാം ഗ്രൂപ്പിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. ഇവിടെനിന്നാണ് സനീഷ് ചിത്രങ്ങൾ തന്റെ പെയ്ഡ് ഗ്രൂപ്പിലേക്ക് മാറ്റിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശ്രീഹരിയും സനീഷും നേരിട്ട് പരിചയക്കാരായിരുന്നില്ലെങ്കിലും വിവിധ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചത്. ശ്രീഹരി പങ്കുവെച്ച മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പോലീസ് സംശയിക്കുന്നു.

‘സാംപിൾ’ അയച്ച് അംഗത്വത്തിലേക്ക്

ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗങ്ങളെ ചേർക്കുന്നതിനായി ഗൂഗിൾ പേ വഴി 250 മുതൽ 500 രൂപ വരെയാണ് സനീഷ് ഈടാക്കിയിരുന്നത്. തുടക്കത്തിൽ ചില ‘സാംപിൾ കണ്ടന്റുകൾ’ വ്യക്തിപരമായി അയച്ചുനൽകിയശേഷം കൂടുതൽ ദൃശ്യങ്ങൾ കാണണമെങ്കിൽ പെയ്ഡ് ഗ്രൂപ്പിൽ അംഗത്വമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആളുകളെ ഗ്രൂപ്പിലേക്ക് എത്തിച്ചിരുന്നത്. സനീഷ് നടത്തിയിരുന്ന ടെലിഗ്രാം ഗ്രൂപ്പുകളിലെയും സാമ്പത്തിക ഇടപാടുകളിലെയും വിവരങ്ങൾ അന്വേഷകസംഘം പരിശോധിച്ചുവരുകയാണ്.

ശ്രീഹരിയുടെ ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു

കേസിൽ ആദ്യം അറസ്റ്റിലായ ശ്രീഹരിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഹോസ്റ്റലിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ശ്രീഹരിയുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും പരിശോധിച്ച് കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചു. ശ്രീഹരിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയശേഷം രണ്ടാമതായി അറസ്റ്റിലായ സനീഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

സനീഷിന്റെ ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ പരിശോധിക്കുന്നതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ കണ്ണികൾ പുറത്തുവരുമെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ. നിലവിൽ ഗ്രൂപ്പുകൾ അപ്രത്യക്ഷമായതിനാൽ അവ വീണ്ടെടുക്കുന്നതിനായി ടെലിഗ്രാമിന് പോലീസ് അപേക്ഷ നൽകിയിരിക്കുകയാണ്. ഇതോടെ കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!