കണ്ണൂർ കോർപ്പറേഷനിൽ കെ-സ്മാർട്ട് വഴി വൻ വ്യാജരേഖാ തട്ടിപ്പ്; കെട്ടിട ഉടമക്കെതിരെ മേയർ പരാതി നൽകി
കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ വ്യാജ നിർമാണ രേഖകൾ ചമച്ച് വൻ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ നടപടിയുമായി കണ്ണൂർ കോർപ്പറേഷൻ. പുതിയ കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി കെ-സ്മാർട്ട് സംവിധാനത്തെ ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ നിർമിച്ച ചാലാട് സ്വദേശിയായ കെട്ടിട ഉടമ ടി.പി ഖലീലിനെതിരെയാണ് കോർപ്പറേഷൻ മേയർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. അടുത്തിടെ കോർപ്പറേഷൻ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയൊരു തട്ടിപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒരു കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് കോർപ്പറേഷൻ നൽകേണ്ട ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കംപ്ലീഷൻ പ്ലാനും ഉടമ സ്വന്തമായി വ്യാജമായി നിർമിക്കുകയായിരുന്നു. കെ-സ്മാർട്ടിന്റെ പേരിലുള്ള ഈ വ്യാജ രേഖകളിൽ കോർപ്പറേഷനിലെ ഓവർസിയറുടെയും അസിസ്റ്റന്റ് എഞ്ചിനീയറുടെയും വ്യാജ ഡിജിറ്റൽ സൈനുകളും ഇയാൾ നിർമിച്ചു നൽകിയിട്ടുണ്ട്. കെട്ടിടത്തിന്റെ പെർമിറ്റടക്കം പൂർണമായും വ്യാജമായി നിർമിച്ചതാണെന്ന് കെ-സ്മാർട്ട് ടെക്നിക്കൽ വിഭാഗം നടത്തിയ വിശദമായ പരിശോധനയിൽ വ്യക്തമായി.
സമർപ്പിച്ച രേഖകളിലെ ഫയൽ നമ്പറുകളിലെ പൊരുത്തക്കേടുകളാണ് ഈ തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഒക്കുപ്പൻസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫയൽ നമ്പർ പരിശോധിച്ചപ്പോൾ അത് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി പഞ്ചായത്തിലേതാണെന്ന് കണ്ടെത്തി. ഇതിനുപുറമെ, രേഖയിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ കണ്ണൂർ കോർപ്പറേഷനിലെ തന്നെ മറ്റൊരു കെട്ടിടത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്. ബിൽഡിങ് പെർമിറ്റിൽ നൽകിയിട്ടുള്ള ഫയൽ നമ്പറാകട്ടെ കോഴിക്കോട് കോർപ്പറേഷനിലെ ഒരു ആർടിഐ ഫയലിന്റേതാണ്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ നിർമിച്ച മറ്റൊരു കെട്ടിടത്തിന്റെ പെർമിറ്റാണ് ഈ വ്യാജരേഖയുണ്ടാക്കാൻ അടിസ്ഥാനമായി ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
വിവിധ ജില്ലകളിലെയും പഞ്ചായത്തുകളിലെയും രേഖകൾ കൂട്ടിച്ചേർത്ത് കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി അടിമുടി തട്ടിപ്പാണ് ഇവിടെ നടന്നിട്ടുള്ളത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ഇതിൽ തുടർ നടപടികൾ സ്വീകരിക്കുക.
