രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അസിസ്റ്റന്റ് മാനേജറാകാം; കേരളമുൾപ്പെടെ 4256 ഒഴിവുകൾ

Share our post

ബിരുദധാരികൾക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ ബാങ്കുകളിൽ നേരിട്ട് മാനേജർ/ ഓഫിസർ സ്കെയിൽ l ആകാൻ അവസരം. രാജ്യത്തെ 27 വ്യത്യസ്ത ഗ്രാമീണ ബാങ്കുകളിലായി 4256 ഒഴിവുകൾ ആണ് ഉള്ളത്. കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകൾ ഉണ്ട്. മുൻപരിചയം ആവശ്യമില്ല എന്നതാണ് പ്രത്യേകത. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്​സണൽ സെലക്ഷൻ (IBPS) നടത്തുന്ന പരീക്ഷ വഴിയാണ് നിയമനം. ഇതിനുള്ള വിജ്ഞാപനമനുസരിച്ച് അപേക്ഷകൾ സെപ്റ്റംബർ 21നകം ഓൺലൈനായി നൽകാം.

ഒഴിവുകളുടെ ഘടന

ഗുജറാത്ത് ഗ്രാമീൺ ബാങ്കിൽ ആണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്. 600 എണ്ണം.കർണാടക ഗ്രാമീൺ ബാങ്കിൽ (300), തമിഴ്​നാട് ഗ്രാമ ബാങ്കിൽ (90) എന്നിങ്ങനെ ഒഴിവുകളുണ്ട്. കേരള ഗ്രാമീണ ബാങ്കിലെ ആകെ ഒഴിവുകളിൽ ജനറൽ 22, പിന്നാക്കം 15, പട്ടി ജാതി 8, സാമ്പത്തിക ദുർബ്ബലം 6, പട്ടിക വർഗ്ഗം 4 എന്ന വിധത്തിൽ കാറ്റഗറി തിരിച്ച് സംവരണമുണ്ട്.

അപേക്ഷ യോഗ്യത

അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ വെറ്റിറിനറി സയൻസ്/ അഗ്രികൾച്ചറൽ എൻജിനീയറിങ്/ അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ ഓപ്പറേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്​സ്/ അക്കൗണ്ടൻസി എന്നിവയിലേതിലെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം. കംപ്യൂട്ടറിലുള്ള അറിവ് അഭികാമ്യമായി കണക്കാക്കും.

പ്രായം

ഉദ്യോഗാർഥികളുടെ പ്രായം 01-09-2026 തീയതി കണക്കാക്കി 18 നും 30 വയസ്സിനുമിടയിൽ ആയിരിക്കണം. പിന്നാക്കം/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ്സിളവുണ്ട്. വിമുക്ത ഭടന്മാർക്ക് നിയമമനുസരിച്ചുള്ള ആനുകൂല്യം ലഭിക്കും.

തിരത്തെടുപ്പു രീതി

ഓൺലൈനായുള്ള പ്രിലിമിനറി, മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ്.

പ്രിലിമിനറി പരീക്ഷ

പ്രിലിമിനറി പരീക്ഷയ്ക്ക് 45 മിനിറ്റ്. 80 മാർക്ക്. രണ്ടു വിഷയങ്ങൾ. റീസണിങ് (40 ചോദ്യങ്ങൾ, 40 മാർക്ക്, 25 മിനിറ്റ്) ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (40 ചോദ്യങ്ങൾ, 40 മാർക്ക്, 20 മിനിറ്റ്) ഈ വിധത്തിലാണ് ചോദ്യപേപ്പർ ഘടന. ഇതിൽ അർഹത നേടുന്നവരെ മെയിൻ പരീക്ഷയ്ക്ക് വിളിക്കും. പ്രിലിമിനറി പരീക്ഷ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ, തിരുനൽവേലി, കോയമ്പത്തൂർ, സേലം, വെല്ലൂർ, ചെന്നൈ, മംഗളൂരു, ഉഡുപ്പി, മൈസൂരു, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിൽ എഴുതാം.

മെയിൻ പരീക്ഷ

രണ്ടു മണിക്കൂർ പരീക്ഷയ്ക്ക് 200 ചോദ്യങ്ങളും 200 മാർക്കും. റീസണിങ് (40 ചോദ്യങ്ങൾ – 50 മാർക്ക് – 30 മിനിറ്റ്), കംപ്യൂട്ടർ‍ നോളഡ്ജ് (40 ചോദ്യങ്ങൾ- 20- മാർക്ക് -15 മിനിറ്റ്), ജനറൽ അവേർനസ്സ് (40 ചോദ്യങ്ങൾ – 40 മാർക്ക് – 15 മിനിറ്റ്), ഇംഗ്ലിഷ് അല്ലെങ്കിൽ ഹിന്ദി (40 ചോദ്യങ്ങൾ – 40 മാർക്ക്- 30 മിനിറ്റ്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (40 ചോദ്യങ്ങൾ – 50 മാർക്ക് – 30 മിനിറ്റ്) എന്ന വിധത്തിലായിരിക്കും ചോദ്യപേപ്പർ രീതി. രണ്ടു പരീക്ഷകൾക്കും തെറ്റുത്തരത്തിന് ചോദ്യത്തിനു നേരെയുള്ള മാർക്കിന്റെ 0.25 നെഗറ്റീവ് ആകും. ഉത്തരം എഴുതാതിരുന്നാൽ മാർക്ക് നെഗറ്റീവ് ആകില്ല. മെയിൻ പരീക്ഷയിൽ മികവു കാട്ടുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂവിന് ക്ഷണിക്കും. മെയിൻ പരീക്ഷയ്ക്ക് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം, തിരുനൽവേലി, കോയമ്പത്തൂർ, സേലം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ സെന്ററുകൾ ഉണ്ട്.

ഇന്റർവ്യൂ

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ചായിരിക്കും ഇന്റർവ്യൂ. ഇതിന് 100 മാർക്ക്. ഇതിൽ യോഗ്യത നേടാൻ 40% മാർക്ക് ലഭിക്കണം. പിന്നാക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 35%. മെയിൻ പരീക്ഷയിലെയും ഇന്റർവ്യൂവിന്റെയും മാർക്കുകൾ യഥാക്രമം 80:20 റേഷ്യോവിൽ വെയ്റ്റേജ് നൽകി കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കും. ഇന്റർവ്യൂ വേളയിൽ യോഗ്യത സർട്ടിഫിക്കറ്റുകളും പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അവയുടെ രേഖകളും സമർപ്പിക്കണം.

മറ്റു വിവരങ്ങൾ

കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം മലപ്പുറത്താണ്. തമിഴ്​നാട് ഗ്രാമ ബാങ്കിന്റേത് സേലം ആണ്. കൊങ്കണി ഭാഷ അറിയുന്നവർക്ക് കർണാടക ഗ്രാമീൺ ബാങ്കിൽ അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ നവംബർ/ ഡിസംബർ മാസത്തിലും മെയിൻ പരീക്ഷ ഡിസംബറിനും 2026 ഫെബ്രുവരിക്കുമിടയിലും ഇന്റർവ്യൂ അതിനു തൊട്ടു പിന്നാലെയും പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾ പ്രിലിമിനറി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ ശ്രമിക്കണം. മെയിൻ പരീക്ഷയ്ക്കുള്ള അവസരം ഇതനുസരിച്ചാണ്. മെയിൻ പരീക്ഷയിലെ പ്രകടനമാണ് ഇന്റർവ്യൂവിനുള്ള അർഹത നൽകുന്നത്. മാത്രമല്ല അന്തിമ സെലക്ഷൻ ലിസ്റ്റ് തയാറാകുമ്പോൾ ഇന്റർവ്യൂ മാർക്കിനോടൊപ്പം മെയിൻ പരീക്ഷയിലെ മാർക്കും പ്രധാനപ്പെട്ടതാണ്. പരീക്ഷ ഫീസ് 850 രൂപ. പട്ടിക/ ഭിന്നശേഷി/ വിമുക്തഭടന്മാർ – ആശ്രിതർ എന്നിവർക്ക് 175 രൂപ. വിവരങ്ങൾക്ക്: www.ibps.in സംശയ നിവാരണത്തിന്: https://cgrs.ibps.in

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!