‘ചികിത്സയ്ക്ക് സമാഹരിച്ച തുകയിൽ നിന്ന് 2,95,000 രൂപ കൈപ്പറ്റി’; മല്ലു ബോയ്‌സ് വ്‌ളോഗർക്കെതിരെ ഗുരുതര ആരോപണം

Share our post

തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ ഷൈനി. ചികിത്സാ സഹായത്തിനായി വീഡിയോ ചെയ്ത ശേഷം സമാഹരിച്ച തുകയില്‍ നിന്ന് രാജേഷ് 2,95,000 രൂപ കൈപ്പറ്റിയതായാണ് ആരോപണം. കാന്‍സര്‍ രോഗിയായ ഷൈനി ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയായിരുന്നു രാജേഷിനെ ഫോണില്‍ ബന്ധപ്പെടുന്നത്. വീഡിയോ ചെയ്യുന്നതിനായി പതിനയ്യായിരം രൂപയാണ് ആവശ്യപ്പെട്ടത്. ഫണ്ട് ലഭിച്ച ശേഷം ആ പണം നൽകി. ഇതിന് ശേഷം പ്രൊമോഷനും മറ്റുമായും പണം നൽകി. വീണ്ടും പണം ആവശ്യപ്പെടുകയും നല്‍കാതെ വരികയും ചെയ്തതോടെ വീഡിയോ നീക്കം ചെയ്തതായും ആരോപണമുണ്ട്.

കാന്‍സര്‍ രോഗത്തിന് ഏറെ നാളായി ചികിത്സയിലാണ് ഷൈനി. ഒന്നര വയസുള്ള മകള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്. ഓട്ടോ തൊഴിലാളിയായ ഭര്‍ത്താവിന്റെ വരുമാനംകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ചികിത്സയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെ വീഡിയോ ചെയ്യുന്നതിനായി പലരെയും ഫോണില്‍ ബന്ധപ്പെട്ടതായി ഷൈനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍ ആരും വരാന്‍ തയ്യാറായില്ല. മല്ലു ബോയ്‌സിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ കണ്ടാണ് അവരെ ബന്ധപ്പെടുന്നത്. വീഡിയോ ചെയ്യാന്‍ വരാമെന്നും എന്നാല്‍ പൈസ നല്‍കണമെന്നും അവര്‍ പറഞ്ഞു. എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെ വന്ന് വീഡിയോ ചെയ്യുന്നതിനും ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി പതിനയ്യായിരം രൂപയാണ് ആവശ്യപ്പെട്ടത്. അത്രയും പണം നല്‍കാന്‍ വഴിയില്ലെന്ന് പറഞ്ഞതോടെ ഫണ്ട് ലഭിച്ച ശേഷം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. വീഡിയോ ചെയ്ത ശേഷം 25,000 രൂപ ലഭിച്ചപ്പോള്‍ അവര്‍ ആവശ്യപ്പെട്ട പതിനയ്യായിരം രൂപ അയച്ചുനല്‍കി. ഇനിയും ഫണ്ട് വന്നോളും എന്നാണ് അവര്‍ പറഞ്ഞത്. അതിന് ശേഷം വീഡിയോ ബൂസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ വീഡിയോ ഡിലീറ്റായി പോകും എന്നും പറഞ്ഞ് വീണ്ടും വിളിച്ചു. 25,000, 28,000 രൂപ വരെയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് 25,000 രൂപ നല്‍കി. ഇതിന് ശേഷം പല കാര്യങ്ങളും പറഞ്ഞ് പണം വാങ്ങി. ഒരു ദിവസം നോക്കുമ്പോള്‍ വീഡിയോ ഡിലീറ്റ് ആയിരുന്നു. അതേപ്പറ്റി ചോദിച്ചപ്പോള്‍ വീഡിയോ ഡിലീറ്റായിപ്പോയി എന്നാണ് പറഞ്ഞത്. പണം അടയ്ക്കാത്തതുകൊണ്ടാണ് വീഡിയോ പോയത് എന്നും പറഞ്ഞു. പേടിച്ചിട്ട് താന്‍ അവർ ആവശ്യപ്പെട്ട പ്രകാരമുള്ള പണം വീണ്ടും നല്‍കി. ഇത്തരത്തില്‍ രണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് നല്‍കിയതെന്നും ഷൈനി പറഞ്ഞു.

മല്ലു ബോയ്‌സ് വീഡിയോ ചെയ്തതിന് ശേഷം ആറ് ലക്ഷം രൂപയാണ് ലഭിച്ചത്. അവര്‍ വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ മുന്‍പ് നല്‍കിയതിനെപ്പറ്റി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കൊന്നും നല്‍കിയില്ലല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്. പ്രൊമോഷന് വേണ്ടിയല്ലേ പണം നല്‍കിയതെന്നും പറഞ്ഞു. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഫണ്ട് ലഭിച്ചതില്‍ നിന്നാണ് ഇതുവരെ നല്‍കിയതെന്നും അല്ലാതെ നല്‍കാന്‍ പണമില്ലെന്നും താന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ മറ്റൊരു കാര്യം പറഞ്ഞു. ഇനി വീഡിയോ ചെയ്യണമെങ്കില്‍ ലഭിക്കുന്നതിന്റെ പകുതി നല്‍കണമെന്നാണ് അവര്‍ പറഞ്ഞത്. എഗ്രിമെന്റ് എഴുതണമെന്നും ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പറഞ്ഞു. അത് പറ്റില്ലെന്ന് താന്‍ പറഞ്ഞുവെന്നും ഷൈനി പറഞ്ഞു.

ഇതിനിടെ ബ്രെയിന്‍ സ്‌ട്രോക്ക് വന്ന് താന്‍ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സ തേടി. ഒന്നര ലക്ഷം രൂപയാണ് അവിടെ ചെലവായത്. ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. സമാഹരിച്ച തുകയില്‍ നിന്നാണ് ആ പണം അടച്ചത്. തുടര്‍ന്നും പണം നല്‍കാന്‍ ഇല്ലാത്തതിനാല്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് മുന്‍പ് തന്നെ ഡോക്ടറോട് അങ്ങോട്ട് ആവശ്യപ്പെട്ട് ആശുപത്രി വിട്ടു. വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിന് ഫിക്‌സ് വന്ന് വയ്യാത്ത അവസ്ഥയിലായിരുന്നു. ചികിത്സയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ് അവരെ ബന്ധപ്പെടേണ്ടി വന്നത്. ഇനി ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. മല്ലു ബോയ്‌സിനെതിരായ വിവരങ്ങള്‍ താൻ വെളിപ്പെടുത്തിയതിന് പിന്നാലെ അവര്‍ക്കൊപ്പമുള്ള ഒരു പെണ്‍കുട്ടി തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്താണ് കാണിച്ചതെന്നാണ് ആ പെൺകുട്ടി ചോദിച്ചത്. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല എന്ന് പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും ഷൈനി കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!