സംസ്ഥാനത്തെ 17 നദികളിൽനിന്ന് മണൽവാരാൻ സർക്കാർ നീക്കം, തുടക്കം ഡിസംബറിൽ, നീക്കുക 1.7 കോടി ടൺ മണൽ

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ ഒരുങ്ങുന്നു. മണൽ ഓഡിറ്റ് പ്രകാരം ഖനനയോഗ്യമെന്ന് കണ്ടെത്തിയ 1.7 കോടി ടൺ വാരാനുള്ള നടപടിയാണുണ്ടാവുക. ഡിസംബറോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ ആദ്യഘട്ടത്തിൽ ഉണ്ടാവില്ല. പട്ടികയിലില്ലാത്ത ബാക്കി പുഴകൾ അടുത്ത ഘട്ടത്തിലുണ്ടാവും. അവയുടെ മണൽ ഓഡിറ്റ് നടന്നുവരുന്നു.

അമിതമായി മണൽ അടിഞ്ഞുകൂടുന്നത് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും നദീതടത്തിന്റെ ആഴം കുറയ്ക്കുകയുംചെയ്യും. പ്രളയസാധ്യത മുൻകൂട്ടിക്കണ്ട് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ പുഴകളിലെ മണൽ നിക്ഷേപത്തെക്കുറിച്ചുള്ള പഠനം (സാൻഡ് ഓഡിറ്റ്) റവന്യൂ വകുപ്പ് നടത്തിയിരുന്നു. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.) നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരാനുള്ള നടപടികൾ പുരോഗമിക്കുന്നത്.

ഇനി സംസ്ഥാന പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ അനുമതികൂടി ലഭിക്കണം.

മുമ്പുണ്ടായിരുന്നപോലെ തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതല നൽകാനാണ് സാധ്യത. കടവുകമ്മിറ്റികൾ രൂപവത്കരിച്ചുള്ള രീതിയായിരുന്നു അന്നുണ്ടായിരുന്നത്. എങ്ങനെയാവണം നടപ്പാക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാവും.

മാർഗനിർദേശങ്ങൾ ഉടൻ

കഴിഞ്ഞമാസമുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി പദ്ധതി നടപ്പാക്കുന്നത്. എത്രത്തോളം വാരാം, എന്തൊക്കെ മാനദണ്ഡങ്ങൾ പാലിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിർദേശങ്ങൾ ഉടൻ പുറത്തിറക്കും. അവ പാലിക്കാതെ മണൽക്കൊള്ള നടത്താൻ അനുവദിക്കില്ല.

ആദ്യഘട്ടത്തിൽ ഖനനം ചെയ്യുന്ന നദികളുടെ മണൽനിക്ഷേപം: ബ്രായ്ക്കറ്റിൽ ഖനനംചെയ്യാവുന്ന മണൽ (അളവ് ക്യുബിക് മീറ്ററിൽ)

അച്ചൻകോവിൽ 9.42 ലക്ഷം (29,742.9)

പമ്പ 42.9 ലക്ഷം (6.86 ലക്ഷം)

മുവാറ്റുപുഴ 76.64 ലക്ഷം (1.75 ലക്ഷം)

പെരിയാർ 75.86 ലക്ഷം (9.78 ലക്ഷം)

ചാലിയാർ 8.95 ലക്ഷം (5.40 ലക്ഷം)

ഭാരതപ്പുഴ 211.11 ലക്ഷം (99.01 ലക്ഷം)

വളപട്ടണം പുഴ 12.28 ലക്ഷം (58,306)

ശ്രീകണ്ഠാപുരം 3.34 ലക്ഷം (85174.60)

പെരുമ്പ 6988.87 (9639.74)

ചന്ദ്രഗിരിപ്പുഴ 1.17 ലക്ഷം (20019.24)

ഉപ്പള 7.82 ലക്ഷം (96,751)

മൊഗ്രാൽ ഗ്രാവൽ നിക്ഷേപം (ചരൽ)

(2024-ൽ നടത്തിയ മണൽ ഓഡിറ്റ് പ്രകാരമുള്ള കണക്ക്)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!