‘പിണറായി പറഞ്ഞതിൽ ഭീഷണി എവിടെയാണ്?’: വി കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം

Share our post

കണ്ണൂർ: പയ്യന്നൂര്‍ എംഎല്‍എക്ക് മറുപടിയുമായി സിപിഎം നേതാവ് ടി ഐ മധുസൂദനന്‍. പിണറായി പറഞ്ഞതിൽ ഭീഷണി എവിടെയാണെന്ന് ചോദിച്ചാണ് ടി ഐ മധുസൂദനന്‍ രംഗത്ത് വന്നത്. ഭീഷണിയാണ് സിപിഎം നടത്തുന്നതെന്നാണ് പയ്യന്നൂര്‍ എംഎൽഎ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുത്തേണ്ടത് തിരുത്തി പോകുകയെന്നതാണ് സിപിഐഎമ്മിന്റെ ശൈലിയെന്നും പിണറായിയെ കാണുമ്പോള്‍ പേടിക്കുന്നത് ഞങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന്റെ കുറിപ്പ് വായിച്ചാണ് മധുസൂദനന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. പിണറായി വിജയൻ പറഞ്ഞ ഒരോ കാര്യവും എടുത്ത് പറഞ്ഞ അദ്ദേഹം ഭീഷണി എവിടെയാണെന്ന് ചോദിക്കുകയായിരുന്നു.

പിണറായിയുടെ സ്വരം ഭീഷണിയുടേതെന്ന് പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയതാണെന്നും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായിയുടേതെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണൻ്റെ പ്രതികരണം. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു വി കുഞ്ഞികൃഷ്ണന്റെ മറുപടി.

പാര്‍ട്ടിയുടെ ഭാഗമായി നിന്ന് പാര്‍ട്ടിയുടെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമമാണ് പയ്യന്നൂരില്‍ ഉണ്ടായതെന്നായിരുന്നു പിണറായി വിജയന്‍ പ്രസംഗിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ചെയ്യാന്‍ പാടില്ലാത്തത് എല്ലാം കുഞ്ഞികൃഷ്ണന്‍ ചെയ്യുന്ന നിലയുണ്ടായി. അതിന്റെ ഭാഗമായി ആളുകള്‍ സംശയാലുക്കളായി. അവിടെ സത്യത്തിന് മങ്ങലേറ്റു. ആര് തെറ്റ് ചെയ്താലും അതിനെതിരെ സിപിഐഎം നടപടിയെടുക്കും. അതാണ് സിപിഐഎം. പാര്‍ട്ടിക്കെതിരെ നീങ്ങിയാല്‍ ആരെന്ന് നോക്കില്ല. അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. പാര്‍ട്ടിയെ തകര്‍ക്കുക എന്നതാണ് വി കുഞ്ഞികൃഷ്ണന്‍ ചെയ്തതെന്നും അതിനാണ് ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറിയതെന്നും പിണറായി വിജയന്‍ പരാമർശിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!