മകളെ കാണാൻ കൊച്ചിയിലെത്തി; പോക്കറ്റ് കീറി കള്ളൻ അടിച്ചെടുത്തത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ

Share our post

കൊച്ചി∙ വയോധികന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന െമാബൈൽ ഫോണും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും ഒരേ സമയം അടിച്ചുമാറ്റി പോക്കറ്റടിക്കാർ. മലപ്പുറം ബി.പി. അങ്ങാടി പുതുപ്പള്ളി ഗണപതി പറമ്പിൽ പ്രകാശനാണ് (67) നാലര ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈലും കൊച്ചിയിൽ വച്ച് നഷ്ടമായത്. പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മകളെ കാണാനായി വീട്ടിലേക്കു വരുന്ന വഴിയായിരുന്നു സംഭവം. പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പ്രകാശൻ ട്രെയിൻ മാർഗം എറണാകുളം നോർത്ത് സ്റ്റേഷനിലിറങ്ങിയത്. തുടർന്ന് ടൗൺഹാൾ മെട്രോ സ്റ്റേഷന്റെ അടുത്തുനിന്നു മകൾ താമസിക്കുന്ന കാക്കനാട്ടേക്കുള്ള ബസിൽ കയറി. ബസിൽ വച്ച് ടിക്കറ്റെടുക്കാൻ പണം തപ്പിയപ്പോഴാണ് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപ വിലയുള്ള മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ധരിച്ചിരുന്ന ട്രൗസറിന്റെ പോക്കറ്റ് ബ്ലേഡ് പോലെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കീറിയ നിലയിൽ കണ്ടെത്തി.

മകൾക്ക് നൽകാനായി കൊണ്ടുവന്നതായിരുന്നു 27 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങള്‍. ഇതു മുഴുവൻ നഷ്ടമായി. 8, 3 ഗ്രാം വീതം തൂക്കം വരുന്ന രണ്ട് വളകൾ, 6 ഗ്രാം തൂക്കമുള്ള ബ്രേസ്‍ലെറ്റ്, രജനീഷ് എന്ന് പേരെഴുതിയ 6 ഗ്രാം തൂക്കമുള്ള മോതിരം, 4 ഗ്രാം തൂക്കമുള്ള സച്ചിൻ മോഡൽ മാല എന്നിവയാണ് നഷ്ടപ്പെട്ടത്.

എറണാകുളം റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ പരിസരത്തോ ബസിൽ കയറുമ്പോഴോ ആണു പോക്കറ്റടിച്ചതെന്നാണു സംശയം. പ്രകാശൻ കയറിയ ബസിലെ സിസിടിവി പരിശോധിച്ചെങ്കിലും ഇത് പ്രവർത്തിക്കുന്ന നിലയിൽ ആയുരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മെട്രോയിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമീപമുള്ള സ്ഥാപനങ്ങളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. ബസിൽ കയറുന്ന സമയത്ത് മോഷണം നടന്നതാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!