തേനോളമില്ല മധുരം; തേനീച്ചക്കർഷകർക്ക് പ്രതിസന്ധിയായി പഞ്ചസാര വിലക്കയറ്റം

Share our post

ഇരിട്ടി : പഞ്ചസാര വില വർധന തേനീച്ചക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രകൃതിയിൽനിന്ന് പൂമ്പൊടിയും തേനും ലഭിക്കാത്ത ജൂൺ മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ തേനീച്ചകൾക്കു ഭക്ഷണമായി പഞ്ചസാര ലായനിയാണു നൽകുക. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഈച്ചകൾ കൂട്ടത്തോടെ കൂടൊഴിഞ്ഞുപോകും.

ബാക്കിയാകുന്ന കോളനികൾ ഭക്ഷണം ലഭിക്കാതെ ക്ഷയിച്ച് അടപ്പുഴു, കടന്നൽ തുടങ്ങിയവയുടെ ശല്യം മൂലം വളർച്ച മുരടിച്ചു നശിക്കും. തേൻ സീസൺ ആകുന്നതിനു മുൻപേ ശക്തമായ കോളനികൾ ഒരുക്കുന്നതിനാണു പഞ്ചസാര ലായനികൾ നൽകുന്നത്. തേൻ സീസണായ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ പ്രകൃതിയിൽനിന്നുള്ള തേൻ മാത്രമേ തേനീച്ചകൾ സ്വീകരിക്കൂ. ഈ കാലയളവിൽ പഞ്ചസാര ലായനി നൽകിയാലും തേനീച്ചകൾ സ്വീകരിക്കില്ല. കഴിഞ്ഞവർഷം ഈ സമയത്ത് കിലോയ്ക്ക് 40–42 രൂപയായിരുന്നു പഞ്ചസാര വില. ഈ വർഷം പഞ്ചസാര വില 70 രൂപയ്ക്കു മുകളിലെത്തി. അനുബന്ധച്ചെലവ് വേറെയും.

പഞ്ചസാരയുടെ വിലക്കയറ്റം മൂലം മിക്ക കർഷകരും തേനീച്ചയ്ക്കു പഞ്ചസാര ലായനി നൽകാൻ തുടങ്ങിയിട്ടില്ല. പലരുടെയും തേനീച്ചക്കൂടുകൾ പരിചരിക്കാതെയും തീറ്റ നൽകാതെയും നശിച്ചു തുടങ്ങി. ഒരു തോട്ടത്തിൽ 20 തേൻകൂടുകൾ വീതമാണു സ്ഥാപിക്കുക. 5–6 കിലോമീറ്റർ ചുറ്റളവിൽ റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് ഒരു കർഷകന്റെ മാത്രം തേനീച്ചക്കൂടുകൾ ഉണ്ടാവും. പരിചരണം കുറയുന്നതോടെ 10000 – 20000 കൂടുകൾ ഒരുമിക്കുന്ന സ്ഥിതിയാണ്. പഞ്ചസാര വിലവർധനയ്ക്ക് ആനുപാതികമായി തേനിന്റെ വില വർധിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കിലോയ്ക്ക് 500 രൂപ ലഭിച്ചാൽപോലും പിടിച്ചു നിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം 2 ലക്ഷത്തിലധികം തേൻകൂടുകൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിലേറെയും തമിഴ്നാട് മാർത്താണ്ഡം സ്വദേശികളുടേതാണ്. 5000ത്തിൽ അധികം തേൻകൂടുകളുള്ള പത്തോളം കർഷകരും 1000ത്തിനു മുകളിൽ തേൻകൂടുകളുള്ള 50ൽ അധികം കർഷകരുമുണ്ട്. ഒരു തേൻകൂടിൽ ക്ഷാമകാലമായ ജൂൺ മുതൽ ഡിസംബർ വരെ ശരാശരി 10 കിലോഗ്രാം പഞ്ചസാര നൽകണം. മഴയുടെ ആധിക്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ആശ്രയിച്ചു ചെറിയ മാറ്റം വരാം.

കൂടുതൽ തേൻ ലഭിക്കുന്ന റബർ മരങ്ങളുടെ ഇല പൊഴിച്ചിൽ, ബ്ലീറ്റ്സ് രോഗം തുടങ്ങിയവയും തേനീച്ചകളെ പ്രതികൂലമായി ബാധിക്കും. പുതിയ ഇനം റബർ മരങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ ഇവയിൽനിന്ന് തേൻ ലഭ്യത കുറവാണെന്നാണു കർഷകർ പറയുന്നത്. ഒരു തേനീച്ച കോളനിയിൽനിന്ന് നേരത്തെ 20 കിലോ വരെ തേൻ ലഭിച്ചിരുന്നു. ഇപ്പോൾ 6–7 കിലോയിൽ കൂടുതൽ ലഭിക്കാത്ത സ്ഥിതിയാണ്. യാത്ര കൂലി വർധനയും തേനീച്ച കൃഷിയറിയാവുന്ന തൊഴിലാളികളുടെ കൂലി വർധനയുമൊക്കെ ഇവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മിക്ക കർഷകരും ബാങ്ക് വായ്പയും പലിശയ്ക്ക് പണമെടുത്തുമാണ് കൃഷിയിറക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!